ഇടുക്കി: തനിക്കെതിരായ അന്വേഷണം തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയൻ പറഞ്ഞ കാര്യങ്ങളെല്ലാം കളവാണെന്നും വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു.
അന്വേഷണം സിപിഎമ്മിനെ തകർക്കാനുള്ള നീക്കമാണെന്ന തരത്തിലാണ് പിണറായി വിജയൻ വിഷയത്തെ ചിത്രീകരിക്കുന്നതെന്ന് കുഴൽനാടൻ പറഞ്ഞു. പാർട്ടിയെ കവചമായി നിർത്തി രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നത്. ഇതിന്റെ അവസാനവട്ട ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനോട് തനിക്ക് രണ്ട് ചോദ്യങ്ങളുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. പിണറായി വിജയന്റെ അക്കൗണ്ടിൽനിന്ന് വിദേശത്തേക്ക് ആർക്കെങ്കിലും പണം കൈമാറിയിട്ടുണ്ടോയെന്നാണ് ആദ്യ ചോദ്യം. രണ്ടാമതായി, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് പണം കൈമാറിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
റിയാസിന്റെ സുഹൃത്തുക്കളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം നേരത്തെ പറയാതിരുന്നത് എന്തുകൊണ്ടാണെന്നും കുഴൽനാടൻ ചോദിച്ചു. ഉയർന്നുവന്ന ആരോപണങ്ങളിലും അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും പിണറായി വിജയൻ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






