കൊല്ലം; അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനായ സുഫിയാനെതിരെയാണ് വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെയാണ് കരുകോൺ റിയാസ്– റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി റിക്സ്വാനയ്ക്ക് മർദനമേറ്റെന്ന പരാതി ലഭിച്ചത്. കുട്ടിയുടെ ഇരു കാലുകളും ഇയാൾ അടിച്ചു പൊട്ടിച്ചു.
ട്യുഷൻ എടുക്കുന്നതിനിടെ പുസ്തകം വായിക്കാൻ പറഞ്ഞപ്പോൾ ചില വാക്കുകൾ തെറ്റിയതിനെത്തുടർന്നാണ് അതിക്രൂരമായി കുട്ടിയെ അധ്യാപകൻ അടിച്ചത്. വൈകിട്ട് ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കരഞ്ഞു കൊണ്ട് മാതാപിതാക്കളോടു വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ കാലുകൾ പരിശോധിച്ചപ്പോഴാണ് ഇരുകാലുകളിലും അടിയേറ്റ് രക്തം കട്ടപിടിച്ച പാടുകൾ കണ്ടത്.
ഇതോടെ അധ്യാപകനെ വിളിച്ച് കാര്യമന്വേഷിച്ചപ്പോൾ ‘ പോയി പോലീസിൽ പരാതി കൊടുക്ക്’ എന്നാണ് മറുപടി നൽകിയതെന്ന് വിദ്യാർഥിനിയുടെ കുടുംബം പറഞ്ഞു. സുഫിയാനെതിരെ കുട്ടിയുടെ കുടുംബം മൊഴി നൽകിയതിനെത്തുടർന്ന് അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു കുട്ടിയെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിക്കും മർദനമേറ്റതായി പരാതി ലഭിച്ചത്. നിലവിൽ സുഫിയാൻ ഒളിവിലാണ്. അഞ്ചൽ പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.






