കൊച്ചി: മോഡലിംഗിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിലേക്ക് എത്തിച്ച കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. ഇയാളെ മരട് പോലീസാണ് ഇയാളെ പിടികൂടിയത്. സ്ത്രീകൾ അടങ്ങിയ സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാൽ ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. നേരത്തെ ബിലാലിനെ കുറിച്ച് കേസിലെ ഒന്നാം പ്രതിയായ സിന്ധു മൊഴി നൽകിയിരുന്നു. മാത്രമല്ല പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലും ഭാര്യയും ചേർന്നാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ബിലാലിനെ പിടികൂടിയതിന് പിന്നാലെ എസിപി ഓഫീസിലെത്തിച്ച് പ്രാഥമിക മൊഴിയെടുപ്പ് നടത്തി. വൈദ്യ പരിശോധനയക്കായി ജനറൽ ആശുപത്രിയിലെത്തിച്ചു. അതേസമയം ഇയാൾ സെക്‌സ് റാക്കറ്റ് ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് നിഗമനം. നിലവിൽ രണ്ട് പരാതികളാണ് കേസുമായി ബന്ധപ്പെട്ട് ലഭിച്ചത്. എന്നാൽ ഇരകളായവർക്ക് പരാതിപ്പെടാൻ പോലീസ് ടോൾ ഫ്രീ നമ്പർ നൽകിയിട്ടുണ്ട്.
കേസിൽ ബിലാലിനെ കൂടാതെ മൂന്നുപേരാണ് ഇതുവരെ പിടിയിലായത്. ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒന്നാം പ്രതിയായ സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് വിവരം. സിനിമാ സീരിയൽ പ്രവർത്തകർക്ക് കേസിൽ ബന്ധമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
അതേസമയം മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. പിന്നീട് ഇത് പരാതിക്കാരിയുടെ ഭർത്താവിൻറെ ഫോണിലേക്ക് അയച്ചുകൊടുത്തു.
കേസിൽ 5 പ്രതികളാണുള്ളത്. അതിൽ നാലുപ്രതികൾ പിടിയിലായി. ബാക്കിയുള്ള പ്രതിയെ കൂടി നാട്ടിലെത്തിക്കാൻ പോലീസ് നടപടി തുടങ്ങി. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിനെതിരെ കൂടുതൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പോലീസിന് കിട്ടിയത്. അതുപോലെ ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പോലീസ് ശേഖരിച്ചു.

















































