ദുബായ്: ഇറാൻ്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള സംഘർഷത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് രാജ്യത്തിൻ്റെ സുപ്രീം ലീഡർ ആയത്തുള്ള മൊജ്താബ ഖമേനി. രാജ്യത്തിൻ്റെ ആയുധനിലവാരത്തിനടുത്തുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽനിന്ന് പുറത്തേക്ക് അയയ്ക്കില്ലെന്നാണ് മൊജ്താബ വ്യക്തമാക്കിയത്. സമാധാന ചർച്ചകളിൽ യുഎസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് യുറേനിയം കൈമാറ്റം. ഇതിനോടുള്ള പ്രതികരണമായാണ് മൊജ്താബയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.
സമ്പുഷ്ട യൂറേനിയം വിദേശത്തേക്ക് അയക്കരുതെന്ന് അദ്ദേഹം നിർദ്ദേശം നൽകിയതായി ഇറാനിലെ രണ്ട് മുതിർന്ന ഉറവിടങ്ങൾ അറിയിച്ചു. അമേരിക്കയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നിനെ നേരിട്ട് തള്ളുന്ന ഇറാന്റെ ഈ തീരുമാനം സമാധാന ചർച്ചകൾക്ക് വലിയ തിരിച്ചടിയാകും.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാൻ്റെ ആണവ ശേഷി കുറയ്ക്കുന്നതിന് ഉയർന്ന നിലവാരത്തിലുള്ള യൂറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനിൽ നിന്ന് സമ്പുഷ്‌ട യൂറേനിയം നീക്കം ചെയ്യുന്നതുവരെ യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ഭരണകൂടത്തിനുള്ളിൽ രൂപപ്പെട്ട ഈ നിലപാടിനു പിന്നിൽ യുറേനിയം വിദേശത്തേക്ക് അയക്കുന്നത് രാജ്യത്തെ കൂടുതൽ സുരക്ഷാ ഭീഷണിയിലാക്കുമെന്ന് വിലയിരുത്തുന്നു. ഭാവിയിൽ അമേരിക്കയോ, ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ പ്രതിരോധ ശേഷി കുറയുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ. സുപ്രീം ലീഡറായ ഖമനേയിയ്ക്ക് രാജ്യത്തിൻ്റെ പ്രധാന സുരക്ഷാ- നയപരമായ വിഷയങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഉള്ളതിനാൽ ഈ നിർദ്ദേശം വരും ദിവസങ്ങളിൽ ചർച്ചകളുടെ ദിശ തന്നെ മാറ്റാൻ സാധ്യമാണ്.
അതേസമയം ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയത്തിൻ്റെ ശേഖരം കൈമാറാന് സമ്മതിച്ചെന്നും ഇരുപക്ഷവും സമാധാന ഉടമ്പടിക്ക് അടുത്തുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിൽ പറഞ്ഞിരുന്നു. ആണവായുധം നിർമ്മിക്കാനുള്ള ഘട്ടത്തിലേക്ക് അടുത്ത സമ്പുഷ്ടീകരിച്ച യുറേനിയത്തിൻ്റെ ശേഖരം ഇറാനിൽ നിന്ന് പുറത്തേക്ക് അയയ്ക്കുമെന്നും ഏതൊരു സമാധാന ഉടമ്പടിയിലും ഇത് ഉൾപ്പെടുത്തണമെന്നും ട്രംപ് ഇസ്രയേലിന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ നിലവിൽ താരതമ്യേന ദുർബലമായ വെടിനിർത്തൽ ഉണ്ടെങ്കിലും, സമാധാന ശ്രമങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളും ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സംഘർഷങ്ങളും സ്ഥിതിഗതികളും കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് ആഴത്തിലുള്ള അവിശ്വാസമുണ്ടെന്നും വെടിനിർത്തൽ ഒരു തന്ത്രപരമായ ഇടവേളയായി ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്താനുള്ള ശ്രമത്തിലാണ്. സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
ഇറാൻ്റെ ആണവ പദ്ധതിയാണ് സമാധാന ചർച്ചകളിലെ പ്രധാന തടസമായി തുടരുന്നത്. പ്രത്യേകിച്ച് സമ്പുഷ്ട യുറേനിയത്തിൻ്റെ ഭാവിയും യൂറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശവും സംബന്ധിച്ച് ഇരുവിഭാഗത്തിനും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ട്. യുദ്ധത്തിന് മുമ്പ് ഇറാൻ 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യൂറേനിയത്തിൻ്റെ പകുതി വിദേശത്തേക്ക് അയക്കാൻ തയ്യാറായിരുന്നു. എന്നാൽ അമേരിക്കൻ ഭീഷണികൾ ശക്തമായതോടെ ആ നിലപാട് മാറിയതായി ഉറവിടങ്ങൾ പറയുന്നു.
ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം ഇറാനിൽ ഏകദേശം 440ഗ്രാം 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യുറേനിയം കിലോഗ്രാമിൽ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഐഇഇഎയുടെ വിലയിരുത്തൽ പ്രകാരം ഈ സംഭരണത്തിൻ്റെ ഒരു ഭാഗം ഇസ്ഫഹാനിലെ ഭൂഗർഭ കേന്ദ്രങ്ങളിലും മറ്റുഭാഗം നത്താൻസ് ആണവ കേന്ദ്രത്തിലും സൂക്ഷിച്ചിരിക്കാമെന്നാണ് നിഗമനം.
ഇതിനിടെ പ്രശ്ന പരിഹാരത്തിനായി അന്താരാഷ്ട്ര മേൽനോട്ടത്തിൽ യൂറേനിയം ദുർബലപ്പെടുത്തൽ പോലുള്ള മാർഗങ്ങൾ പരിഗണിക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നും ഭാവിയിൽ അമേരിക്കയോ, ഇസ്രായേലോ വീണ്ടും ആക്രമണം നടത്തില്ലെന്ന ഉറപ്പുകളും ലഭിക്കണമെന്നതാണ് ഇറാൻ്റെ പ്രധാന ആവശ്യം. ഈ ഉറപ്പുകൾ ലഭിച്ച ശേഷമേ ആണവ വിഷയത്തിൽ കൂടുതൽ വിശദമായ ചർച്ചകൾക്ക് ഇറാൻ തയ്യാറാകൂ എന്ന നിലപാട് തുടരുകയാണ്.
















































