തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് കൃത്യനിർവ്വഹണത്തിലേയ്ക്ക് കടക്കുകയാണ്. ഓരോ മണ്ഡലത്തിന്റെയും ജനപ്രതിനിധികളായി ഇനി അഞ്ചുവർഷക്കാലം വലിയ രാഷ്ട്രീയ-സാമൂഹിക ഉത്തരവാദിത്വങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും മണ്ഡല വികസനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ചർച്ചയാവുകയാണ്.
കേരളത്തിലെ എംഎൽഎമാർക്ക് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത് 2,000 രൂപയാണ്. ഇതിന് പുറമെ മണ്ഡല അലവൻസായി 25,000 രൂപ, ടെലിഫോൺ അലവൻസായി 11,000 രൂപ, ഇൻഫർമേഷൻ അലവൻസായി 4,000 രൂപ, അതിഥി സൽക്കാര അലവൻസായി 8,000 രൂപ, യാത്രാബത്തയായി 2,000 രൂപ എന്നിവയും ലഭിക്കും. ഇങ്ങനെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം ഏകദേശം 70,000 രൂപയാണ് ശമ്പളവും അലവൻസുകളും ചേർത്ത് ലഭിക്കുന്നത്.
ഇതിന് പുറമെ, കേരളത്തിനകത്തും പുറത്തും ഔദ്യോഗിക യാത്രകൾക്കായി കിലോമീറ്ററിന് 10 രൂപ നിരക്കിൽ പെട്രോൾ അലവൻസും അനുവദിക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം, 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, സ്റ്റാഫ് അലവൻസായി 20,000 രൂപ, പലിശരഹിത വാഹന വായ്പകൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും എംഎൽഎമാർക്ക് ലഭ്യമാണ്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എംഎൽഎമാരുടെ ശമ്പളം മിതമായ നിരക്കിലാണ്. തമിഴ്നാട്ടിൽ ഭരണ-പ്രതിപക്ഷ ഏകകണ്ഠ തീരുമാനത്തെ തുടർന്ന് എംഎൽഎമാരുടെ മാസശമ്പളം 55,000 രൂപയിൽ നിന്ന് 1,05,000 രൂപയായി ഉയർത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് തെലങ്കാനയിലെ എംഎൽഎമാർക്കാണ് — പ്രതിമാസം 2.5 ലക്ഷം രൂപ. മറുവശത്ത്, ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് ത്രിപുരയിലും മേഘാലയിലുമാണ്. അവിടെ എംഎൽഎമാർക്ക് 20,000 രൂപ മാത്രമാണ് പ്രതിമാസ ശമ്പളമായി ലഭിക്കുന്നത്.
ഡൽഹിയിലും മധ്യപ്രദേശിലും എംഎൽഎമാർക്ക് ഏകദേശം 2.10 ലക്ഷം രൂപ വരെയും ബിഹാറിൽ 1.65 ലക്ഷം രൂപയും മഹാരാഷ്ട്രയിൽ 1.60 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യം, ഭരണച്ചെലവ്, രാഷ്ട്രീയ ധാരണകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് എംഎൽഎമാരുടെ ശമ്പള-ആനുകൂല്യങ്ങളിൽ വ്യത്യാസം ഉണ്ടാകുന്നത്.
മകനെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചു, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയുമായി യു പ്രതിഭ


















































