കണ്ണൂർ: തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നല്‍കാത്തതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. പത്ത് വർഷക്കാലം പ്രതിപക്ഷത്ത് ആയപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നയിക്കുന്നത് കാണേണ്ടിവരുകയാണെന്ന് റിജിൽ മാക്കുറ്റി ഫെയ്സ്ബുക്കിൽ കുറിച്ചു.
നിയമസഭയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും എന്നാൽ അവസരം ലഭിച്ചില്ലെന്നും റിജിൽ കൂട്ടിച്ചേർത്തു. ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ച് പണിയെടുത്ത് തല്ലുകൊണ്ട് ജയിലിൽ പോയി. എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാർ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് യുഡിഎഫിന്റെ ലഭിച്ച മഹാഭൂരിപക്ഷം.
പുതിയ അധികാരകേന്ദ്രങ്ങൾ കടന്നുവരുമ്പോൾ അവരെല്ലാം കർട്ടന് പുറകിലേക്ക് സ്വയം മാറ്റപ്പെടും. പത്ത് വർഷക്കാലം പ്രതിപക്ഷത്ത് ആയപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നയിക്കുന്നതും നമ്മൾ കാണേണ്ടിവരും. ഇത്തവണ നിയമസഭയിൽ മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവസരം ലഭിച്ചില്ല, റിജിൽ മാക്കുറ്റി ഫെയ്സ്ബുക്കിൽ കുറിച്ചു.



















































