തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കാനിരിക്കെ സംസ്ഥാനം ആകാംക്ഷയുടെ മുൾമുനയിലാണ്. ഭരണത്തുടർച്ച ഉറപ്പെന്ന് എൽഡിഎഫും, ഭരണമാറ്റം നിശ്ചിതമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ഒന്നിലധികം സീറ്റുകൾ നേടി ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഭരണതുടർച്ചയോ മാറ്റമോ മാത്രമല്ല, തൂക്കുസഭ പോലുള്ള സാധ്യതകളും പ്രവചിക്കപ്പെട്ടരിക്കുന്നതിനാൽ രാഷ്ട്രീയകേരളത്തിന്റെ ആകാംക്ഷ ഏറുകയാണ്.
രാവിലെ എട്ട് മണിക്ക് ബാലറ്റ് പെട്ടികൾ തുറക്കുന്നതോടെ മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകും. അടുത്ത അഞ്ച് വർഷത്തേക്ക് ആരാണ് അധികാരത്തിലേറുകയെന്ന ജനവിധി ഇതോടെ വ്യക്തമാകും. കാലാവസ്ഥയിൽ ചൂട് കുറഞ്ഞെങ്കിലും രാഷ്ട്രീയ ചൂട് ഉയർന്ന നിലയിലാണ്.
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പേ ആഘോഷത്തിന് തയ്യാറായി യുഡിഎഫ്. കെപിസിസി ആസ്ഥാനത്ത് വലിയ പന്തൽ ഒരുക്കിയ കോൺഗ്രസ്, പത്ത് വർഷത്തിനുശേഷം അധികാരത്തിലേക്കുള്ള മടങ്ങിവരവ് ഉറപ്പാണെന്ന നിലപാടിലാണ്. പായസം, പടക്കം തുടങ്ങിയ ആഘോഷസജ്ജീകരണങ്ങളും പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് മുതിർന്ന നേതാക്കളും ആത്മവിശ്വാസത്തോടെ ഫലം കാത്തിരിക്കുകയാണ്. ഭരണവിരുദ്ധ തരംഗം ശക്തമാണെന്നും 90-ൽ അധികം സീറ്റുകൾ നേടാനാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
അതേസമയം, കോൺഗ്രസ് ഒരുക്കിയ ആഘോഷങ്ങൾ വെറുതെയാകുമെന്ന നിലപാടിലാണ് എൽഡിഎഫ്. എക്സിറ്റ് പോളുകൾ ഭരണമാറ്റം പ്രവചിച്ചെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയനും മുന്നണിയും ഭരണതുടർച്ചയിലേയ്ക്കുള്ള ആത്മവിശ്വാസം വിട്ടിട്ടില്ല. ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ തലസ്ഥാനത്തേക്ക് എത്തുകയുള്ളുവെന്ന രീതിയിൽ മുഖ്യമന്ത്രി കണ്ണൂരിൽ തന്നെയാണ് തുടരുന്നത്.
ബിജെപിയും പ്രതീക്ഷയോടെയാണ് രംഗത്ത്. വലിയ ആഘോഷമൊന്നുമില്ലെങ്കിലും പാർട്ടി ആസ്ഥാനത്ത് ഫലം നിരീക്ഷിക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. കൂടുതൽ സീറ്റുകൾ നേടി സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
മൊത്തത്തിൽ, ഇന്ന് പുറത്തുവരുന്ന ജനവിധി കേരളത്തിന്റെ രാഷ്ട്രീയ ദിശ നിശ്ചയിക്കുന്നതായിരിക്കും. ഭരണതുടർച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് മറുപടി ലഭിക്കാനിരിക്കെ, സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കുന്നത് വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കാണ്.
കേരളത്തെ കൂടാതെ അസം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിനായും രാജ്യം ഒരുങ്ങി നിൽക്കുകയാണ്. അങ്ങനെ ആകെ 823 സീറ്റുകളിലെ ജനവിധി ഇന്നറിയാം.കഴിഞ്ഞ ഒരുമാസമായി ഘട്ടംഘട്ടമായി നടന്ന തിരഞ്ഞെടുപ്പുകൾക്ക് ശേഷം നാളത്തെ വോട്ടെണ്ണൽ ഫലം രാഷ്ട്രീയ ഭൂപടത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാ രാഷ്ട്രീയകക്ഷികളും.


















































