തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് അന്ത്യമാകുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽ കോൺഗ്രസ് വിളിച്ചുചേർക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകും. നിരീക്ഷകരും ദീപദാസ് മുൻഷിയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും വിവരം.
ഇതോടെ കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലായെന്നും റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേഡ് ഫ്‌ളൈറ്റിൽ കെ.സി. വേണുഗോപാൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫ്‌ളൈറ്റിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരും എത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ നിലവിൽ ഇവർ ഡൽഹിയിൽ തുടരുകയാണെന്നാണ് അറിയുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്.



















































