ഓസ്‌ലോ: നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ല്യങ്ങിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി. കടുത്ത സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റാ സസ്പെൻഡ് ചെയ്തതായി ഹെല്ലെ ല്യങ് തന്നെയാണ് വ്യക്തമാക്കിയത്.
തന്റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് ഹെല്ലെ ല്യങ് ഇക്കാര്യം പങ്കുവെച്ചത്.‘മാധ്യമസ്വാതന്ത്ര്യത്തിനായി നൽകേണ്ടി വന്ന ചെറിയൊരു വില മാത്രമാണിത്. എന്നാൽ ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായാണ്’- അക്കൗണ്ട് സസ്പെൻഷൻ നോട്ടീസിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഹെല്ലെ കുറിച്ചു. കൂടാതെ തന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്നവരോട് മറുപടി നൽകാൻ വൈകുന്നതിൽ അവർ ഖേദം പ്രകടിപ്പിച്ചു.
മെറ്റ പ്ലാറ്റ്‌ഫോമിനെ ടാഗ് ചെയ്തുകൊണ്ട് തന്റെ അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. നോർവേ പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിന് ഒടുവിലായിരുന്നു സംഭവം. മാധ്യമങ്ങളെ കാണാതെ മടങ്ങാൻ തുടങ്ങിയ നരേന്ദ്ര മോദിയോട് ‘‘ലോകത്തിലെ ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമങ്ങളിൽ നിന്ന് എന്തുകൊണ്ട് നിങ്ങൾ ചോദ്യങ്ങൾ നേരിടുന്നില്ല?’’ എന്ന് ഹെല്ലെ ല്യങ് ചോദിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.നോർവേയിലെ ഇന്ത്യൻ എംബസി ഹെല്ലെ ല്യങ്ങിനെ പ്രത്യേക വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അവിടെയും തന്റെ ചോദ്യം ആവര്‍ത്തിച്ചതിനു പിന്നാലെയാണ് ഹെല്ലെക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടായത്. ‘വിദേശ ഏജന്റ്’, ‘ചൈനീസ് ചാരപ്പണി നടത്തുന്നവൾ’ എന്നിങ്ങനെയുള്ള കമന്റുകളാണ് നിറഞ്ഞിരുന്നത്.



















































