രാജ്കോട്ട്: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ ഞെട്ടിക്കുന്ന അതിക്രമം. വിവാഹിതയായ സ്ത്രീയുമായി ബന്ധത്തിലായിരുന്ന യുവാവിനെ സ്ത്രീയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. ഇതിന് പുറമെ യുവാവിനെക്കൊണ്ട് സ്ത്രീയുടെ മൂത്രം കുടിക്കാൻ നിർബന്ധിച്ചതായും പോലീസ് പറയുന്നു. ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിലായിരുന്നു അതിക്രമമെന്നാണ് പരാതി.
ഒക്ടോബർ 4നാണ് സംഭവം നടന്നത്. പിന്നീട് അതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വൈറൽ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സ്ത്രീയെ കണ്ടെത്തുകയും ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരാതി പ്രകാരം സ്ത്രീ വാപിയിലെ ഒരാളെയാണ് വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് ചോട്ടിലയിലേക്ക് പോയ അവർ പങ്കാളിക്കൊപ്പം ഏകദേശം മൂന്ന് മാസത്തോളം താമസിച്ചു. ഇതിനിടെ കുടുംബാംഗങ്ങൾ ഇവരെ കണ്ടെത്തി വാപിയിലേക്ക് തിരികെ കൊണ്ടുപോയി ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചതായും പരാതിയിൽ പറയുന്നു.
എന്നാൽ അവിടെനിന്ന് രക്ഷപ്പെട്ട സ്ത്രീ അഞ്ച് ദിവസം മുമ്പ് വീണ്ടും ചോട്ടിലയിലെത്തി പങ്കാളിക്കൊപ്പം താമസിക്കാൻ തുടങ്ങി. ഇതറിഞ്ഞ ഭർത്താവ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഘം ദമ്പതികളെ കണ്ടെത്തി സുരേന്ദ്രനഗറിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി.
‘ശുദ്ധീകരണ ചടങ്ങ്’ നടത്താനാണെന്ന് പറഞ്ഞാണ് ഇരുവരെയും അവിടേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. വീട്ടിലെത്തിച്ച ശേഷം ഇരുവരെയും മരക്കമ്പുകൾ ഉപയോഗിച്ച് മർദിച്ചു. യുവാവിനെ കയർ ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ടതായും സ്ത്രീയെ ഒരു മുറിയിൽ പൂട്ടിയിട്ടതായും പരാതിയിലുണ്ട്.
തുടർന്ന് യുവാവിനെ സ്ത്രീക്കൊപ്പം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നാണ് ആരോപണം. ഇരുവരെയും വീണ്ടും മർദിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിനിടെ യുവാവിനെ സ്ത്രീയുടെ മൂത്രം കുടിക്കാൻ നിർബന്ധിച്ചതായും പോലീസ് പറയുന്നു.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു സമുദായ നേതാവാണ് സംഭവത്തെക്കുറിച്ച് പോലീസിനെ ആദ്യം അറിയിച്ചതെന്ന് സുരേന്ദ്രനഗർ ഡിഎസ്പി പ്രേംസുഖ് ദേലു പറഞ്ഞു. അതിനിടെ ആക്രമണത്തിന്റെ നിരവധി വീഡിയോകളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
“ഒരു സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തെക്കുറിച്ച് ഒരു സമുദായ നേതാവിൽനിന്ന് എനിക്ക് ഫോൺ ലഭിച്ചു. നിരവധി വീഡിയോകളും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സ്ത്രീയെ കണ്ടെത്താൻ നിരവധി പോലീസ് സംഘങ്ങളെ നിയോഗിച്ചു,” ഡിഎസ്പി പറഞ്ഞു.
പ്രദേശത്തെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ സ്ത്രീ കരയാൻ തുടങ്ങിയെന്നും വൈറൽ വീഡിയോയിലെ സ്ത്രീ തന്നെയാണെന്ന് മുഖം പരിശോധിച്ച് ഉറപ്പാക്കിയശേഷം പോലീസ് സ്റ്റേഷനിലെത്തിച്ചെന്നും ഡിഎസ്പി വ്യക്തമാക്കി. കൗൺസലിങ്ങിന് ശേഷമാണ് സ്ത്രീ തന്റെ അനുഭവം പോലീസിനോട് വിശദീകരിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ആരാണ് പകർത്തിയതെന്നും ആരാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നതായി എ-ഡിവിഷൻ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.എം. സാംഗഡ പറഞ്ഞു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനാപരമായ മാർഗങ്ങളിലൂടെ ലൈംഗികബന്ധം, സ്വമേധയാ പരുക്കേൽപ്പിക്കൽ, അന്യായമായി തടങ്കലിൽവയ്ക്കൽ, തട്ടിക്കൊണ്ടുപോയ വ്യക്തിയെ ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന വകുപ്പുകൾക്കൊപ്പം നിരവധി പേർ പൊതുവായ ഉദ്ദേശത്തോടെ നടത്തിയ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വ്യവസ്ഥകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. വീഡിയോ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തവരുടെ പങ്കും പോലീസ് പരിശോധിച്ചുവരികയാണ്.




