കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ശിക്ഷാവിധി. 30,84892 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. മൂന്നുവർഷത്തിൽ കൂടുതലായതിനാൽ സ്വാഭാവികമായും ജയിലിലേക്ക് പോവേണ്ടിവരുമെന്നതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തച്ചങ്കരിയെ മാറ്റിയേക്കും.
കേസിൽ കുറ്റക്കാരനെന്ന് വിജിലൻസ് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കിയത്. 2003 ജനുവരിമുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല.
പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ൽ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവിയായി ഉയർന്നിരുന്നു. ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി., ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. സർവീസിലിരിേക്ക വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.






