ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിരുദുനഗർ രാജപാളയത്ത് ടിവികെ നേതാവും മന്ത്രിയുമായ കെ. ജഗദീശ്വരിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വോട്ടർമാർക്ക് നന്ദി പറയാനെത്തിയ മന്ത്രിക്ക് മുന്നിലാണ് പ്രദേശവാസികൾ വൈദ്യുതി മുടക്കം പതിവായെന്ന പരാതിയുമായി രംഗത്തെത്തിയത്.
വൈദ്യുതി മുടക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ ടിവികെ പ്രവർത്തകരും പ്രദേശവാസികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മന്ത്രി പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് തിരുച്ചിറപ്പള്ളിയിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. വൈദ്യുതി മുടക്കത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ റോഡിലിറങ്ങിയത്.
അതേസമയം, വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതിനുമാണ് അധിക ജീവനക്കാരെ നിയമിക്കുന്നതെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.






