പാലക്കാട്: ഏറെ ശ്രദ്ധേയമായ സുധാകരൻ കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് വിചാരണക്കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വിലയിരുത്തിയാണ് പരമാവധി ശിക്ഷയായ വധശിക്ഷ കോടതി വിധിച്ചത്. പ്രതി 20 ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് സർക്കാർ ജോലി നൽകണമെന്നും ഇരുകുട്ടികൾക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പ്രതിയുടെ വീട് ഭാര്യയുടെ പേരിലുള്ളതിനാൽ പിഴത്തുക ഈടാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാർ ആവശ്യമായ സഹായം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വിധിക്ക് പിന്നാലെ പ്രതികരിച്ച സുധാകരന്റെ മക്കൾ, കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതോടെ വലിയ ആശ്വാസമാകുമെന്നും അച്ഛന്റെ ഓർമകളാണ് തങ്ങൾക്ക് കരുത്തെന്നും സഹായിച്ച എല്ലാവർക്കും കോടതിക്കും നന്ദിയുണ്ടെന്നും അവർ പ്രതികരിച്ചു. നാട്ടിലേക്ക് പോകുന്നില്ലെന്നും കുട്ടികൾ പറഞ്ഞു.
കുടുംബബന്ധങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളും ഒറ്റപ്പെട്ട ജീവിതശൈലിയും സമൂഹത്തിൽ ക്രൂരമായ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതി തന്റെ പ്രവൃത്തിയിൽ ഒരിക്കലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തെ തുടർച്ചയായി ന്യായീകരിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചെന്ന പ്രതിഭാഗത്തിന്റെ വാദം തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദത്തിനും തെളിവില്ലെന്നും കോടതി വ്യക്തമാക്കി. വഴി തടഞ്ഞുനിർത്തിയ കുറ്റത്തിന് ഒരു മാസത്തെ തടവുശിക്ഷയും പ്രത്യേകം വിധിച്ചു.
പ്രതി ഭാവിയിൽ പരോളിൽ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ സാക്ഷികൾക്കും ഇരകളുടെ കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ വെറും 58 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെയും കോടതി അഭിനന്ദിച്ചു.
അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ ലഭിച്ചെങ്കിലും പ്രതിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്താനായില്ലെന്നും തെളിവുകൾ സമഗ്രമായി പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുന്നതെന്ന് പ്രതിഭാഗം വ്യക്തമാക്കി.

















































