തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിക്കെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നാണ് സതീശൻ യോഗത്തിൽ വിലയിരുത്തിയത്. എന്നാൽ, എടുത്തുചാടി നടപടി വേണ്ടെന്നും നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടിയിലേക്ക് കടന്നാൽ മതിയെന്നുമായിരുന്നു യോഗത്തിലെ പൊതുധാരണ.
പിണറായി വിജയനെതിരെ ഉടൻ കേസെടുക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ, തുടർനടപടികൾ ആലോചിച്ച് മതിയെന്നായിരുന്നു വി.ടി. ബൽറാമിന്റെ നിലപാട്. നിയമപരമായ പരിശോധന നടത്തിയശേഷം തീരുമാനമെടുക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. നിയമപരിശോധനയ്ക്ക് ശേഷം കേസെടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
ഇഡി നൽകിയ കത്തിലെ ആരോപണങ്ങൾ ഗൗരവതരമാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിന് ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. അതേസമയം, ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറലും ഡിജിപിയും സംയുക്തമായി നിയമോപദേശം നൽകും. അഴിമതി നിരോധന നിയമപ്രകാരമുള്ള പരാതികളിൽ കേസെടുക്കുന്നതിന് മുൻപ് പ്രാഥമിക പരിശോധന നടത്തണമെന്ന സുപ്രീംകോടതി വിധികളടക്കമുള്ള നിയമവശങ്ങൾ പരിശോധിച്ചാകും ഉപദേശം നൽകുക. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാമെന്ന നിലപാടിലായിരിക്കും നിയമോപദേശമെന്നാണ് സൂചന. രണ്ട് ദിവസത്തിനകം നിയമോപദേശം സർക്കാരിന് കൈമാറും.






