ന്യൂഡല്‍ഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളിൽ നിന്ന് 15 പേരെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട ഒമ്പത് പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും മൂന്ന് പേരുടെ മൃതദേഹം പടിക്കെട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. മറ്റൊരാളുടെ മൃതദേഹം ഒന്നാം നിലയിൽ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. പുലർച്ചെ 3.47 നാണ് സംഭവത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് പടർന്നിരുന്നു.
അഗ്നിശമന സേനയുടെ 14 യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കെട്ടിടത്തിലെ താമസക്കാരൻ പറഞ്ഞു. വലിയ സ്ഫോടന ശബ്ദത്തിന് ശേഷമാണ് തീ പടർന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു.
നാലഞ്ചുപേരെ ഇപ്പോഴും കാണാനില്ലെന്നും രണ്ട് കുടുംബങ്ങൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.


















































