ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചാലും വിമർശനം, സംസാരിച്ചില്ലെങ്കിലും വിമർശനമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്തുക എളുപ്പമാണെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ പാർലമെന്റിലെ ചർച്ചയിൽ ഉന്നയിക്കാമെന്നും എന്നാൽ സഭ അലങ്കോലപ്പെടുത്തുകയാണെങ്കിൽ ചർച്ച എങ്ങനെ നടക്കുമെന്നും റിജിജു ചോദിച്ചു. പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ ചർച്ചയിൽ പങ്കെടുക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസുകളിൽ കർശന ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
ബിൽ പ്രകാരം ചോദ്യപേപ്പർ ചോർച്ച കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കേസുകളുടെ വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.


















































