പുതുശേരി: പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം ശക്തമാക്കി.
പഴുന്നാന പാടത്തിന് സമീപം അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സുണ്ട്. ക്വാർട്ടേഴ്സിന് സമീപത്തെ പാടത്തെ കുഴിയിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം പൂർണമായും മണ്ണിൽ പൂഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
പാടത്ത് എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ സാഹചര്യവും മരണത്തിലേക്ക് നയിച്ച കാരണവും കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സമീപവാസികളിൽനിന്നും തൊഴിലാളികളിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.




