കോട്ടയം: വീട്ടിലെ കിടപ്പുമുറിയിൽ വയോധികയുടെ മൂന്നുദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അമ്മയുടെ മൃതദേഹത്തിന് ഈ ദിവസങ്ങളിൽ കാവലിരുന്ന, മാനസിക വെല്ലുവിളി നേരിടുന്ന മകനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതൃദിനത്തിലാണ് നാടിനെ നൊമ്പരത്തിലാഴ്‌ത്തിയ സംഭവം.വിജയപുരം പഞ്ചായത്തിൽ 13-ാം വാർഡിൽ മാങ്ങാനം താമരശ്ശേരി പ്രവീണനിവാസിൽ കെ.കെ. ഭാനുമതിയെ (80) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏക മകൻ കെ. പ്രവീൺകുമാറിനെ (56) പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർ താമസിച്ചിരുന്ന വീടിനുസമീപം ദുർഗന്ധവും ഈച്ചശല്യവും വ്യാപകമായതോടെ സമീപവാസികൾ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാർഡ് മെമ്പർ ദീപാ ജീസസിന്റെ നേതൃത്വത്തിൽ വാതിൽ തുറക്കാൻ സമീപവാസികൾ പലതവണ ആവശ്യപ്പെട്ടെങ്കിലും അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നാണ് പ്രവീൺ പറഞ്ഞത്.
തുടർന്ന് പോലീസെത്തി പിൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മുറിക്കുള്ളിൽ കട്ടിലിൽ ഭാനുമതി മരിച്ചുകിടക്കുന്നത് കണ്ടത്. ഈ സമയം പ്രവീൺ അടുത്ത മുറിയിലുണ്ടായിരുന്നു. പ്രവീണിനെ പിന്നീട് പോലീസ് പരിയാരത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. മാങ്ങാനം കൊല്ലംപറമ്പിൽ കുടുംബാംഗമാണ് ഭാനുമതി. ഇവർക്ക് സർവേ ഡിപ്പാർട്ട്‌മെന്റിലായിരുന്നു ജോലി. വിരമിച്ചശേഷം അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
ഭാനുമതിയുടെ പെൻഷനായിരുന്നു ഇവരുടെ ആശ്രയം. സമീപവാസികളുമായും ബന്ധുക്കളുമായും ഇവർക്ക് അധികം അടുപ്പമുണ്ടായിരുന്നില്ല. മൃതദേഹത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ടെന്നും സംഭവത്തിൽ മറ്റ് ദുരൂഹതയില്ലെന്നും മൃതദേഹ പരിശോധനയ്ക്കുശേഷമേ മരണകാരണം പറയാൻ കഴിയൂവെന്നും പോലീസ് അറിയിച്ചു.


















































