റിയാദ്: ഞായറാഴ്ച യുഎഇയിലെ ഏക ആണവ നിലയത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതിന് പിന്നാലെ സൗദിയിലും ഡ്രോൺ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂന്നു ഡ്രോണുകളാണ് എത്തിയതെന്നും അവ തകർത്തെന്നും സൗദി അധികൃതർ വ്യക്തമാക്കി. ഇറാന്റെ വ്യോമാതിർത്തിയിൽ നിന്നുമാണ് ആക്രമണമുണ്ടായത്. എന്നാൽ സംഭവത്തിനു പിന്നിൽ തങ്ങളാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണിതെന്നാണ് ഇറാന്റെ വിശദീകരണം.
ഇറാന്റെ ചുമലിൽ വയ്ക്കാൻ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആക്രമണങ്ങൾ നടക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്താവ് പ്രതികരിക്കുകയുണ്ടായി. യുഎഇയുടെ തീരത്തോട് ചേർന്ന് ഹൊർമുസ് കടലിടുക്കിൽ തെക്കൻ കൊറിയൻ കപ്പൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടത്തിയ പ്രസ്താവനയാണിത്.
യുഎഇയിലെ പ്രധാന ആണവ നിലയമായ അബുദാബിയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലും ആരാണെന്ന കാര്യം ഇനിയും വ്യക്തമല്ല. യുഎഇയുടെ വൈദ്യുതി ഉല്പാദനത്തിന്റെ നാലിലൊന്നും സാധ്യമാക്കുന്ന വൈദ്യുത നിലയമായ ബറാക്ക ആണവ നിലയത്തിന് സമീപമുണ്ടായ ആക്രമണം മേഖലയിൽ ആശങ്ക പടർത്തിയതിനു പിന്നാലെയാണ് ഇന്നലെ സൗദിയ്ക്ക് നേരെയും സമാനശ്രമം നടന്നിരിക്കുന്നത്. നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സാഹചര്യം എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന നിലയിൽ നില്ക്കവെയാണ് പുതിയ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയം.
















































