ന്യൂഡൽഹി ∙ കർണാടക രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നതായി സൂചന. നിലവിലെ ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ചയോടെ സത്യപ്രതിജ്ഞ നടക്കാനിടയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇതോടെ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയാനുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. എന്നാൽ അധികാര കൈമാറ്റത്തിന് മുമ്പ് സിദ്ധരാമയ്യ പക്ഷം സമ്മർദ തന്ത്രങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം വരുന്നതിന് മുൻപ് സ്വന്തം അനുയായികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന വിവരവുമുണ്ട്.
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാലും സർക്കാരിലും പാർട്ടിയിലും ഡി.കെ. ശിവകുമാറിന് പൂർണ നിയന്ത്രണം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കൾ നടത്തുന്നത്. അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. എന്നാൽ ഉപമുഖ്യമന്ത്രി പദവികൾ വർധിപ്പിക്കുന്നതിൽ ഡി.കെ. ശിവകുമാർ അനുകൂല നിലപാടിലല്ലെന്നാണ് സൂചന. പരമാവധി ഒരാളെ മാത്രം ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇതിനുപുറമെ പുതിയ കർണാടക കോൺഗ്രസ് അധ്യക്ഷൻ സിദ്ധരാമയ്യ പക്ഷത്തുനിന്നുള്ള ആളായിരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യങ്ങൾ ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. സർക്കാരിനുള്ളിലും പാർട്ടിക്കുള്ളിലും ഒന്നിലധികം അധികാര കേന്ദ്രങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ഹൈക്കമാൻഡ് മുന്നോട്ടുവച്ച ഫോർമുല പ്രകാരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റിനൊപ്പം ദേശീയ രാഷ്ട്രീയത്തിൽ സുപ്രധാന പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ അനുയായികളോട് വ്യക്തമാക്കിയതായും സൂചനകളുണ്ട്. കർണാടക കോൺഗ്രസിലെ പുതിയ അധികാര സമവാക്യങ്ങൾ എന്തായിരിക്കും എന്നതിലാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


















































