കോഴിക്കോട്: തെരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചത് ജനങ്ങൾക്കല്ലെന്നും പാർട്ടിക്കാണെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരുന്നതിൽ സിപിഎം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആരംഭിക്കുന്ന മൂന്നുദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാൻ കാരണമെന്തെന്നും ചില വീഴ്ചകളുണ്ടായിരുന്നെങ്കിലും ഇത്രയും നല്ല ഭരണമുണ്ടായിട്ടും എന്തുകൊണ്ടാണ് ജനങ്ങൾ എതിരായതെന്നും കഴിഞ്ഞ മൂന്നുമാസമായി പാർട്ടിയുടെ എല്ലാ തലങ്ങളിലും വിശദമായി ചർച്ച ചെയ്തതായി തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി അടിത്തട്ട് വരെയും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇനി ഇതെല്ലാം ആവർത്തിച്ച് പറയാനല്ല വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്.
രാഷ്ട്രീയ, ഭരണ, സംഘടനാ തലങ്ങളിൽ സംഭവിച്ച വീഴ്ചകൾ എന്തൊക്കെയാണെന്ന് പാർട്ടി ഇതിനകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും നിലവിലുള്ള ദൗർബല്യങ്ങൾ മറികടക്കാനും എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുകയാണ് വിശാല സംസ്ഥാന സമിതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി കൃത്യമായ പ്രവർത്തന പരിപാടിക്ക് രൂപം നൽകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
‘തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ലല്ലോ വീഴ്ച സംഭവിച്ചത്. പാർട്ടിക്കാണ് വീഴ്ച സംഭവിച്ചത്. ജനങ്ങളെ ബോധ്യപ്പെടുത്തി ഞങ്ങളോടൊപ്പം കൊണ്ടുവരാൻ ശ്രമിച്ചതിൽ പാർട്ടി വേണ്ടത്ര വിജയിച്ചില്ല. എന്തുകൊണ്ടാണ് അത് വിജയിക്കാതെ പോയതെന്ന് പാർട്ടി തന്നെ പരിശോധിച്ച രേഖയാണിത്’– തോമസ് ഐസക്ക് പറഞ്ഞു.
പാർട്ടി നേതൃത്വത്തിലുണ്ടായ വീഴ്ചകളും താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളും ഉൾപ്പെടെ വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. തന്നെ തിരുത്തണമെങ്കിൽ അതിനനുസരിച്ച് പ്രമേയവും തിരുത്തേണ്ടിവരും. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ ശക്തിപ്പെടുത്തി 2029ൽ എൽഡിഎഫ് വിജയിക്കുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും തോമസ് ഐസക്ക് പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തുന്നതിനൊപ്പം സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കും വിശാല സംസ്ഥാന സമിതി യോഗം രൂപം നൽകുമെന്നാണ് സൂചന.






