കോട്ടയം: കള്ളുവിൽപ്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിയെന്ന കേസിൽ ഷാപ്പുടമയും ജീവനക്കാരനും അറസ്റ്റിൽ. കുറവിലങ്ങാട് കുടക്കച്ചിറയിലെ ടി.എസ്. നമ്പർ 78 ഷാപ്പ് നടത്തിപ്പുകാരൻ വെളിയന്നൂർ മുണ്ടത്താനത്ത് എം.കെ. മാത്യു (51), ജീവനക്കാരൻ ഇടുക്കി കൊന്നത്തടി പാറത്തോട് പുതുക്കുളത്തിൽ പ്രിൻസ് മാത്യു (40) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ഷാപ്പിൽനിന്ന് 127 ലിറ്റർ സ്പിരിറ്റും 57 ലിറ്റർ കള്ളും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. ഷാപ്പ് ലൈസൻസി ജോസഫ് മാത്യുവിനെതിരെയും എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഷാപ്പിൽ എത്തിച്ചിരുന്ന സ്പിരിറ്റ് നേരിട്ട് സ്പിരിറ്റായും കള്ളിൽ ചേർത്തും വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസിന്റെ കണ്ടെത്തൽ. ഷാപ്പിൽ നിരന്തരം സ്പിരിറ്റ് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മൂന്നുമാസത്തോളമായി എക്സൈസ് സംഘം സ്ഥലത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.
ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അസി. എക്സൈസ് കമ്മിഷണർ എസ്. സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിൽ പരിശോധന നടത്തിയത്. നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 127 ലിറ്റർ സ്പിരിറ്റാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്പിരിറ്റ് എത്തിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ ചുമതലയുള്ള പത്തനംതിട്ട ഡി.സി.പി. എൽ. ഷിബുവിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇൻസ്പെക്ടർ ആർ. ദർശക്, കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദ് രാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ. അഫ്‌സൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്, ജിഷ്ണു, ബിപിൻ ജോയ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പിടിയിലായ പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






