ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയിൽ നിന്ന് കേരളം നിർദേശിച്ച പ്രതിനിധിയെ മാറ്റി പകരം യുപിക്കാരനെ ഇരുത്തി കേന്ദ്രസർക്കാർ. പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയിൽ രൂപീകരിച്ച സമിതിയിൽ നിന്നാണ് കേരളം നിർദേശിച്ച വിദഗ്ധൻ ടി കെ ശിവരാജനെ കേന്ദ്രം ഏകപക്ഷീയമായി മാറ്റിയത്. പകരം നിയമിച്ചിരിക്കുന്നത് യുപി സ്വദേശിയായ എംഎൽ ശർമയെയാണ്.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചതാണ് സമഗ്ര സുരക്ഷ പരിശോധന സമിതി. അതിൽ കേരളം നിർദേശിച്ചിരുന്ന ടികെ ശിവരാജൻ വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുകയായിരുന്നു എന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. എന്നാൽ ശിവരാജനെ മാറ്റിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാനസർക്കാർ വൃത്തങ്ങൾ പറയുന്നത്.
കേന്ദ്ര ജലകമ്മീഷൻ മുൻ ചീഫ് എഞ്ചിനീയറാണ് ടി കെ ശിവരാജൻ. ഐഐടി റൂർക്കേയിലെ പ്രൊഫസറാണ് എം എൽ ശർമ. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷിയാണ് സമിതി ചെയർമാൻ. ഈ മാസം 16നാണ് നിയമനം സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്.
















































