ലഖ്‌നൗ: ബിജെപി ഭരണസമിതിയുള്ള കോർപ്പറേഷനെതിരെ പ്രതിഷേധവുമായി ബിജെപി വനിത കൗൺസിലർ. തന്റെ വാർഡിന് കോർപ്പറേഷനിൽ നിന്ന് നേരിടുന്ന അവഗണനക്കെതിരെ കോർപ്പറേഷന് മുന്നിൽ തല മൊട്ടയടിച്ചാണ് കൗൺസിലർ പ്രതിഷേധിച്ചത്.
ഫിറോസാബാദ് കോർപറേഷനിലെ ആറാം വാർഡ് കൗൺസിലറായ ഉഷാ ദേവി ശംഖ്‌റയാണ് കോർപ്പറേഷന് മുന്നിൽ വെച്ച് തല മൊട്ടയടിച്ച് പ്രതിഷേധിച്ചത്. തന്റെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾ മനപൂർവം വൈകിക്കുന്നു എന്ന ആരോപണം ഉഷാകുമാരി മുമ്പേ ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ് കടുത്ത നിലപാടിലേക്ക് കടന്നത്. മേയറുടെ ഭർത്താവ് ഇടപെട്ടാണ് തന്റെ വാർഡിലെ പ്രവർത്തനങ്ങൾ തടയുകയാണെന്നാണ് പുതിയ ആരോപണം. തന്റെ വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോർപ്പറേഷനുള്ളിൽ ഉഷാകുമാരി ധർണ ഇരിക്കുകയും ചെയ്തു.
ബിജെപി ഭരണത്തിലുള്ള കോർപ്പറേഷനിലെ ഈ ആഭ്യന്തര തർക്കം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഭരണപക്ഷത്തുനിന്നു തന്നെയുള്ള മറ്റൊരു ബിജെപി കൗൺസിലറായ മുനേന്ദ്ര യാദവ് ഉഷാ ദേവിക്ക് പിന്തുണയുമായി പ്രതിഷേധത്തിൽ പങ്കുചേർന്നു. കൂടാതെ, കോർപ്പറേഷനിലെ കരാർ ശുചീകരണ തൊഴിലാളി യൂണിയൻ ഭാരവാഹികളും കൗൺസിലറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ്ണയിൽ പങ്കെടുത്തു.

















































