ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി അനുദിനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോർട്ട് കൂടി. ആയിരക്കണക്കിന് ഇറാനികളുടെ ഫോണിലേക്ക് ഒരു അജ്ഞാത ഭീഷണി സന്ദേശം വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ‘യുഎസ് പ്രസിഡന്റ് പറഞ്ഞത് പോലെ ചെയ്ത് കാണിക്കുയാളാണ്. കാത്തിരുന്നോളൂ, കാണാം’ എന്നാണ് ഈ മെസേജിൽ ഉണ്ടായിരുന്നത്.
അതേസമയം ഇറാനിലെ സർക്കാർ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പേർഷ്യൻ ഭാഷയിലുള്ള സന്ദേശമാണ് ലഭിച്ചതെന്നാണ് നിരവധി ഇറാനികൾ വെളിപ്പെടുത്തിക്കഴിഞ്ഞു. ഇറാനെതിരെ ആക്രമണം നടത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ സന്ദേശം എത്തിയത് എന്നാണ് വ്യക്തമാകുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്തഘട്ട ആണവ കരാർ ചർച്ചകൾ ഫെബ്രുവരി 26ന് ജനീവയിൽ നടക്കാനിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് നേരത്തേ മധ്യസ്ഥത വഹിച്ചിരുന്ന ഒമാൻ വിദേശകാര്യ മന്ത്രിയായിരുന്നു തീയതി പ്രഖ്യാപിച്ചത്. ഇതിനിടെ ആണവകരാറിൽ ഒപ്പിടാൻ ഇറാന് അന്ത്യശാസനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അടുത്ത പത്ത് ദിവസത്തിനകം ഇറാൻ കരാറിലെത്തുമോ അതോ സൈനിക നടപടി നേരിടുമോ എന്ന് അറിയാമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. ഒന്നുകിൽ പത്ത് ദിവസത്തിനകം കരാറുണ്ടാകും, അല്ലെങ്കിൽ ദൗർഭാഗ്യകരമായ ചിലത് സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. പരിമിതമായ സൈനിക നീക്കമാണോ ലക്ഷ്യമിടുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് അത് പരിഗണനയിലുണ്ടെന്നായിരുന്നു ട്രംപ് നൽകിയ മറുപടി.
ഇതിനിടെ, അമേരിക്ക ആക്രമിച്ചാൽ ഏറ്റവും ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇറാനും മറുപടി നൽകിയിട്ടുണ്ട്. ഒരിടത്ത് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ള ചർച്ചകൾ നടക്കുകയും മറുവശത്ത് യുദ്ധകാഹാളം മുഴക്കുകയും ചെയ്യുന്നത് ലോകരാജ്യങ്ങളെ മുഴുവൻ ആശങ്കയിലാക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നു സർവ്വമേഖലകളിലും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്






