റിയാദ്: ഹൂതി വിമതരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം അഭ്യർഥിച്ച് സൗദി അറേബ്യ. യെമനിലെ ഹൂതികളുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ മിസൈൽ ഇന്റർസെപ്റ്ററുകളുടെ ക്ഷാമം നേരിട്ടതോടെയാണ് സഖ്യരാജ്യങ്ങളുടെ സഹായം തേടിയതെന്നാണ് റിപ്പോർട്ട്.
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി സൗദിയിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കണമെന്നാണ് ആവശ്യം. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് സൗദിയുടെ പ്രധാന ആയുധ വിതരണക്കാരായ അമേരിക്കയുടെ ഇന്റർസെപ്റ്റർ ശേഖരത്തിൽ കുറവുണ്ടായതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിവരം.
സൈനിക താവളങ്ങൾക്ക് പുറമെ സൗദിയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും ഭരണകേന്ദ്രങ്ങൾക്കും നിലവിൽ ആക്രമണഭീഷണിയുണ്ട്. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനായി ഒമാന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.
സൗദിയുമായി അടുത്ത പ്രതിരോധ ബന്ധമുണ്ടെന്ന് ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സൗദി സൈനിക സഹായം അഭ്യർഥിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് വക്താവ് പ്രതികരിച്ചിട്ടില്ല.
അതിനിടെ സൗദിയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈനുകൾക്ക് നേരെ ആക്രമണമുണ്ടായതും ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ ഭീഷണി ഉയർന്നതും ആഗോള എണ്ണവിപണിയെയും ബാധിച്ചു. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്.






