നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായികതാരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട്. ജപ്പാനിലെത്തി നഗോയയിലെ ഗെയിംസ് വില്ലേജിൽ പ്രവേശിച്ച ഇന്ത്യൻ സംഘം മുറികൾക്കായി 14 മണിക്കൂറോളമാണ് കാത്തിരുന്നത്. ഇതിന് ശേഷമാണ് പലർക്കും താമസസൗകര്യം ലഭിച്ചത്.
ലഭിച്ച മുറികളിൽ പലതും താരങ്ങൾക്ക് പങ്കിട്ടെടുക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. ചില താരങ്ങളെ താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു. നിരവധി താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ നേരത്തെ ബുക്ക് ചെയ്തിരുന്ന മുറികൾ പിന്നീട് റദ്ദാക്കിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയ്ക്ക് പുറമെ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ സംഘങ്ങൾക്കും സമാനമായ താമസപ്രശ്നങ്ങൾ നേരിടേണ്ടിവന്നതായി റിപ്പോർട്ടുണ്ട്.
താമസസൗകര്യത്തിന് പുറമെ പരിശീലനത്തിനും ബുദ്ധിമുട്ടുകൾ നേരിടുന്നതായി താരങ്ങൾ പരാതിപ്പെട്ടു. ഷൂട്ടിങ് സംഘത്തിന് താമസസ്ഥലത്തുനിന്ന് പരിശീലന കേന്ദ്രത്തിലെത്താൻ രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. പരിശീലന വേദികളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും പരാതിയുണ്ട്.
മുൻ വർഷങ്ങളിൽ എല്ലാ കായികതാരങ്ങൾക്കുമായി ഒരൊറ്റ ഗെയിംസ് വില്ലേജ് ഒരുക്കിയിരുന്നെങ്കിൽ ഇത്തവണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ക്രൂയിസ് കപ്പലുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ള വിവിധ താമസസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 15,000 താരങ്ങളെയാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പങ്കെടുക്കുന്നവരുടെ എണ്ണം 17,000 ആയി ഉയർന്നതാണ് താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.






