കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.പിയും മമതാ ബാനർജിയുടെ വിശ്വസ്തയുമായ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്. നദിയ ജില്ലയിലെ തേറ്റയിലാണ് സംഭവം. പാർട്ടിയോഗം കഴിഞ്ഞ് പുറത്തിറങ്ങവേയാണ് എം.പിക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവർത്തകരുടെ ആക്രമണമെന്ന് എംപി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിൽ പങ്കുവെച്ച വീഡിയോയിൽ മഹുവയുടെ മുഖത്ത് തകർന്ന മുട്ടയുടെ അവശിഷ്ടങ്ങൾ വ്യക്തമായിരുന്നു. മഹുവ മൊയ്ത്രക്ക് കർശന സുരക്ഷ ഒരുക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്.
മണ്ഡലത്തിൽ രാഷ്ട്രീയ പരിപാടികൾക്കോ പൊതുപരിപാടികൾക്കോ എത്തുമ്പോൾ രണ്ട് അധിക വ്യക്തിഗത സുരക്ഷാ കാവൽക്കാരെ നൽകണമെന്നായിരുന്നു രണ്ട് ആഴ്ച മുമ്പ് ഹൈക്കോടതി കൃഷ്ണനഗർ പൊലീസ് ജില്ലയോട് ഉത്തരവിട്ടിരുന്നത്. 30 ദിവസത്തേക്ക് ഈ സുരക്ഷ തുടരാനും, സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് എസ്.പിയെ വിവരം അറിയിക്കാനും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ നിർദ്ദേശിച്ചിരുന്നു. മുൻകൂട്ടി കാര്യങ്ങൾ അറിയിച്ചിട്ടും തനിക്ക് യാതൊരു വിവരവുമില്ലെന്നായിരുന്നു തേറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻചാർജ് സുപ്രിയ രഞ്ജൻ മാജി പറഞ്ഞതെന്ന് മഹുവ ‘എക്സി’ൽ പ്രതികരിച്ചു. പൊലീസിന്റെ മുന്നിൽ വെച്ചാണ് പ്രതിഷേധക്കാർ മുട്ടയുമായി എത്തിയത്. ഇത് ഹൈക്കോടതിയുടെ ലംഘനമാണെന്ന് മഹുവ ലൈവ് വീഡിയോയിൽ പറഞ്ഞു.’ആരും മുട്ടയെറിയരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് പ്രക്ഷോഭകർ മുട്ടയെറിഞ്ഞത്. പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിന് പകരം പൊലീസ് ബലമായി എന്നെ കാറിലേക്ക് കയറ്റുകയാണ് ചെയ്തത്’-മഹുവ കുറ്റപ്പെടുത്തി. തേറ്റ-ഐ പഞ്ചായത്ത് സമിതി പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള ബി.ജെ.പി പ്രവർത്തകർ മുട്ടയുമായി സ്ഥലത്ത് തടിച്ചുകൂടിയിരുന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, സംഭവത്തിൽ തങ്ങളുടെ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി അറിയിച്ചു. സ്ത്രീകൾക്ക് നേരെ മുട്ടയെറിയുന്നതിനെ അപലപിക്കുന്നുവെന്നും എന്നാൽ ഇത് കെട്ടിച്ചമച്ചതാണോ അതോ യഥാർഥ സംഭവമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബി.ജെ.പി സംസ്ഥാന മുഖ്യവക്താവ് ദേബ്ജിത് സർക്കാർ പ്രതികരിച്ചു.






