ബെയ്ജിങ് ∙ ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് പക്ഷാഘാതം സംഭവിച്ചതായും, അദ്ദേഹത്തെ അടിയന്തരമായി ബെയ്ജിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് റിപ്പോർട്ട്. ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷീ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച അവകാശവാദങ്ങൾ പൂർണമായും വ്യാജമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉച്ചകോടിയ്ക്കിടെ ഷി ചിൻപിങ് ബോധരഹിതനായെന്നും, ഇന്ത്യൻ ആശുപത്രികളിൽ ചികിത്സ തേടാൻ ഭയന്ന് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നുമാണ് വാൻജുൻ ഷി അവകാശപ്പെട്ടത്. ബെയ്ജിങ്ങിലെ ആശുപത്രിയിൽ സൈനിക ഹെലികോപ്റ്ററിൽ എത്തിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും സെപ്റ്റംബർ അവസാന വാരം നിശ്ചയിച്ചിരിക്കുന്ന അമേരിക്കൻ സന്ദർശനം റദ്ദാക്കിയേക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
അതേസമയം, ഷി ചിൻപിങ് തന്റെ ഇന്ത്യൻ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നില്ല. ബ്രിക്സ് ഉച്ചകോടിയിലെ എല്ലാ പ്രധാന ചർച്ചകളിലും അദ്ദേഹം പങ്കെടുക്കുകയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് ഉച്ചകോടി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി മടങ്ങിയത്. വിമാനത്താവളത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് യാത്രയയപ്പും നൽകിയിരുന്നു.
സെപ്റ്റംബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ ഷി ചിൻപിങ് പങ്കെടുത്തിരുന്നില്ല. അദ്ദേഹം വിശ്രമിക്കാനായി ഹോട്ടലിലേക്ക് പോയതാണ് വ്യാജ പ്രചാരണങ്ങൾക്ക് കാരണമായത്. വാൻജുൻ ഷീ പങ്കുവച്ച എക്സ് പോസ്റ്റിനു മുകളിൽ വസ്തുതാവിരുദ്ധമായ വിവരങ്ങൾ അടയാളപ്പെടുത്തുന്ന എക്സിന്റെ കമ്മ്യൂണിറ്റി നോട്ട്സ് ടാഗും വന്നിട്ടുണ്ട്.






