ബെളഗാവി: കർണാടകയിലെ ബെളഗാവി ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മുൻ സൈനികനേയും മകളേയും ബന്ധുക്കൾ ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലിട്ട് വെട്ടിയും തലയ്ക്ക് കല്ലിട്ട് കൊല്ലപ്പെടുത്തുകയും ചെയ്തു. അവരാഡി ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ബുധനാഴ്ച ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. 67കാരനായ മുൻ സൈനികൻ രുദ്രപ്പ കുന്ദരഗിയും മകൾ ശശികല കുന്ദരഗി (26)യുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രുദ്രപ്പയുടെ കാർ ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവരാഡി സ്വദേശിയായ രുദ്രപ്പ നിലവിൽ ധാർവാഡിലായിരുന്നു താമസം. സ്വത്ത് സംബന്ധമായ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. രുദ്രപ്പയുടെ സഹോദരങ്ങളായ ബസപ്പ കുന്ദരഗി, സംഗപ്പ കുന്ദരഗി, സംഗപ്പയുടെ മകൻ മഡിവലപ്പ കുന്ദരഗി എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് കിത്തൂർ പോലീസ് പറയുന്നത്.
രുദ്രപ്പ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയ വിവരം അറിഞ്ഞതോടെ പ്രതികൾ അവിടെയെത്തി ആക്രമിക്കുകയായിരുന്നു. പഞ്ചായത്ത് വളപ്പിൽവെച്ചുതന്നെ രുദ്രപ്പയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പിതാവിനെ രക്ഷിക്കാൻ ശശികല ഇടപെട്ടതോടെ പ്രതികൾ അവരെയും ആക്രമിച്ചു. അരിവാൾ ഉപയോഗിച്ച് വെട്ടിയശേഷം ശശികലയുടെ മുടിയിഴ മുറിച്ചുമാറ്റുകയും തലയിൽ വലിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.
സംഭവമറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ സ്ഥലത്തെത്തി. കൊലപാതകം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പരിസരത്തുതന്നെയാണ് നടന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രതികൾ അരിവാൾ ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചതെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ ഗ്രാമപഞ്ചായത്ത് പിഡിഓയും ജീവനക്കാരും പകർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഈ ദൃശ്യങ്ങൾ പ്രധാന തെളിവായി ഉപയോഗിക്കുമെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയംകൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. പ്രതികൾക്ക് ആരും ഒളിത്താവളം ഒരുക്കരുതെന്നും അങ്ങനെ ചെയ്യുന്നവരെയും കേസിൽ കൂട്ടുപ്രതികളായി പരിഗണിക്കുമെന്നും എസ്.പി മുന്നറിയിപ്പ് നൽകി. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സ്വത്ത് സംബന്ധമായ അവകാശമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അവരാഡിയിലെ വീട്ടുമായി ബന്ധപ്പെട്ട റവന്യൂ രേഖയായ Record of Rights, Tenancy and Crops (RTC) രേഖയിൽ തന്റെ പേര് ഉൾപ്പെടുത്തുന്നതിനായി നൽകിയ അപേക്ഷയുടെ നടപടിക്രമം പരിശോധിക്കാനാണ് രുദ്രപ്പ ബുധനാഴ്ച ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയത്.
രുദ്രപ്പ ധാർവാഡിൽ താമസമാക്കിയിരുന്നെങ്കിലും അവരാഡിയിലെ ഭൂമിയിൽ അദ്ദേഹത്തിന് അവകാശമില്ലെന്നാണ് സഹോദരങ്ങൾ വാദിച്ചിരുന്നത്. അതേസമയം, ഭൂമിയിൽ തനിക്കുള്ള അവകാശം സ്ഥാപിക്കുന്നതിനായി രുദ്രപ്പ കോടതിയെ സമീപിച്ചിരുന്നു. കോടതിവിധി തനിക്ക് അനുകൂലമായാൽ നിലവിൽ സഹോദരന്മാരുടെ കൈവശമുള്ള ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയാണ് ആക്രമണത്തിന് കാരണമായതെന്ന് എസ്.പി രാമരാജൻ പറഞ്ഞു.
രുദ്രപ്പ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വത്ത് തന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനായാണ് അപേക്ഷ നൽകിയതെന്ന് ഗ്രാമപഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർ ശിവലിംഗയ്യ പറഞ്ഞു. അപേക്ഷയിൽ നടപടിയെടുക്കാൻ ഇനിയും സമയമുണ്ടെന്നും നിയമോപദേശം തേടിയ ശേഷം പൊതുയോഗത്തിൽ തീരുമാനം എടുക്കുമെന്നും രുദ്രപ്പയെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രുദ്രപ്പയുടെ സഹോദരന്മാർ ഇതിനെതിരെ എതിർപ്പ് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചിരുന്നതായി ശിവലിംഗയ്യ പറഞ്ഞു.
എന്നാൽ, ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ പ്രതികൾ രുദ്രപ്പയെ ആക്രമിക്കാൻ ശ്രമിച്ചതായും ശിവലിംഗയ്യ പറഞ്ഞു. മകൾ ശശികല പിതാവിനെ രക്ഷിക്കാൻ ശ്രമിച്ചതോടെ അവർക്കുനേരെയും ആക്രമണമുണ്ടായി. താനും ജീവനക്കാരും ചേർന്ന് ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ അരിവാൾ വീശി ഭീഷണിപ്പെടുത്തിയെന്നും ഇതിനിടെ താൻ സംഭവത്തിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നുവെന്നും പിടിഒ വ്യക്തമാക്കി.






