തൃശൂർ: കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. 52കാരനായ ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് ബാബുവിനെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇതിന് പിന്നാലെ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സാഹചര്യം ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്.




