സഹോദരനും ബന്ധുവിനുമൊപ്പം അലാസ്ക തീരത്ത് മത്സ്യബന്ധനത്തിനായി പോയ 15കാരന് തണുത്തുറഞ്ഞ ബെറിംഗ് കടലിൽ മരണത്തോടു മല്ലിടേണ്ടി വന്നത് 62 മണിക്കൂർ. ഡെറക് പാർക്കർ അഗ്നാന എന്ന കൗമാരക്കാരനാണ് ജീവനുവേണ്ടി പോരാടേണ്ടിവന്നത്. സെപ്റ്റംബർ അഞ്ചിന് ചെറിയ മത്സ്യബന്ധന ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഡെറക്കിന്റെ മൂത്ത സഹോദരനും ബന്ധുവും മരിച്ചു. തന്റെ ജീവൻ രക്ഷിക്കുന്നതിനൊപ്പം മരണപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ കടലിൽ ഒഴുകിപ്പോകാതിരിക്കാൻ ഏറെ നേരം അവയിൽ പിടിച്ചുനിൽക്കാൻ ഡെറക് ശ്രമിച്ചതായി കുടുംബം വെളിപ്പെടുത്തി.
അലാസ്ക തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് അപ്രതീക്ഷിതമായി മറിഞ്ഞതോടെയാണ് ദുരന്തത്തിന് തുടക്കമായത്. എല്ലാവരും തണുത്തുറഞ്ഞ കടലിലേക്ക് വീണു. ആദ്യഘട്ടത്തിൽ പരസ്പരം അടുത്തുനിന്ന് വെള്ളത്തിൽ പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന ഒരു ലൈൻ ബോട്ടിന്റെ മോട്ടോറിൽ കുടുങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കാലാവസ്ഥ മോശമാകുകയും ബോട്ട് മറിഞ്ഞുപോകുകയുമായിരുന്നു.
സമയം കടന്നുപോകുന്നതിനിടെ ഡെറക്കിന്റെ സഹോദരനും ബന്ധുവും മരണത്തിന് കീഴടങ്ങി. സഹായം എത്തുമെന്ന പ്രതീക്ഷയിൽ അവരുടെ മൃതദേഹങ്ങളിൽ പിടിച്ചുനിൽക്കാൻ ഡെറക് പരമാവധി ശ്രമിച്ചു. എന്നാൽ ശക്തമായ കടൽച്ചുഴികളും ഒഴുക്കും കാരണം ഒടുവിൽ മൃതദേഹങ്ങൾ കൈവിടേണ്ടിവന്നു. അതോടെ വിശാലമായ കടലിൽ 15കാരൻ പൂർണമായും ഒറ്റപ്പെട്ടു.
കുടുംബാംഗമായ കോളിൻ വാക്കർ GoFundMe പേജിലൂടെ സംഭവത്തിന്റെ വേദനാജനകമായ വിവരങ്ങൾ പങ്കുവെച്ചു. സഹോദരനും ബന്ധുവും മുങ്ങിമരിച്ചതിന് ശേഷവും ഡെറക് കഴിയുന്നത്ര നേരം അവരുടെ ശരീരങ്ങളിൽ പിടിച്ചുനിന്നുവെന്ന് അവർ പറഞ്ഞു. കുടുംബത്തെയും ഗ്രാമത്തെയും ദുരന്തം വലിയ ദുഃഖത്തിലാഴ്ത്തിയതായും അവർ വ്യക്തമാക്കി.
സെപ്റ്റംബർ ഏഴിന് രാവിലെ യുഎസ് കോസ്റ്റ് ഗാർഡാണ് മറിഞ്ഞ നിലയിലുള്ള ബോട്ട് കണ്ടെത്തിയത്. ബെറിംഗ് കടലിലെ സെന്റ് ലോറൻസ് ദ്വീപിന് ഏകദേശം നാല് മൈൽ കിഴക്കായാണ് ബോട്ട് കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ ബോട്ടിനടുത്തേക്ക് അതിജീവന ഉപകരണങ്ങൾ താഴേക്കിട്ടു. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിലെ ജീവനക്കാർ ഡെറക്കിനെ രക്ഷപ്പെടുത്തി.
ഏകദേശം 62 മണിക്കൂറോളം അതിശൈത്യമുള്ള കടലിൽ കഴിഞ്ഞ ഡെറക് രക്ഷപ്പെടുമ്പോൾ ഹൈപ്പോതെർമിയയും കടുത്ത നിർജലീകരണവും ശരീരത്തിൽ തണുപ്പ് മൂലമുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളും അനുഭവിച്ചിരുന്നു. നില ഗുരുതരമായിരുന്നെങ്കിലും ശ്വാസമുണ്ടായിരുന്നു. ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തകർ അദ്ദേഹത്തെ വിമാനമാർഗം ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണം നൽകി. അതേസമയം അപകടത്തിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും കോസ്റ്റ് ഗാർഡ് പിന്നീട് വീണ്ടെടുത്തു.
അർക്ക്ടിക് ഡിസ്ട്രിക്ട് കമാൻഡർ റിയർ അഡ്മിറൽ ബോബ് ലിറ്റിൽ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും അനുശോചനം അറിയിച്ചു.






