മഥുര: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച ഉത്തർപ്രദേശിൽ നിന്നുള്ള സമാജ്വാദി പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്വിക്കെതിരെ കേസ്. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി മഥുരയിലെ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇയാളെ പാർട്ടി സ്ഥാനത്തുനിന്ന് എസ്പി നേതൃത്വം നീക്കിയിട്ടുണ്ട്.
മഥുരയിലെ കനറ ബാങ്ക് ജീവനക്കാരിയായ യുവതി നൽകിയ പരാതി അനുസരിച്ച് ബാങ്കിൽ മറ്റുള്ളവരെ പോലെ എത്തിയ രാജൻ, യുവതിയുടെ നമ്പർ കൈക്കലാക്കിയ ശേഷം നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. സുന്ദരിയാണെന്നും ഈ ജോലി തനിക്ക് ചേർന്നതല്ലെന്നും സമാജ്വാദി പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി വഴി ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാമെന്നുമായിരുന്നു നേതാവിന്റെ വാട്സാപ്പ് ചാറ്റിലൂടെയുള്ള വാഗ്ധാനം. ഈ വാട്സാപ്പ് ചാറ്റ് വിവരങ്ങൾ യുവതി പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
കൂടാതെ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയെന്നും താൻ ഫോൺ എടുക്കാത്തതിനെത്തുടർന്ന് ഫോണിലെ വിവരങ്ങൾ ചോർത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിലുണ്ട്. ഐടി ആക്ടിലെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാങ്കിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും ചാറ്റ് സ്ക്രീൻഷോട്ടുകളും പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.






