ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസുകാരുടെ അതിക്രമത്തിന് പിന്നാലെ ഗർഭിണി പ്രസവത്തിനു ശേഷം മരിച്ച സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസാബാദ് ഷിക്കോഹാബാദ് സ്വദേശിനി അഞ്ജലി (28) ആണ് മരിച്ചത്. ഇവരുടെ നവജാതശിശുവിന്റെ നിലയും ഗുരുതരമായി തുടരുകയാണ്.
മോഷണക്കേസിൽ പ്രതിയായ അഞ്ജലിയുടെ ഭർത്താവ് ഗൗരവിനെ അന്വേഷിച്ചാണ് ഞായറാഴ്ച രാത്രി 11.45ഓടെ പൊലീസ് സംഘം വീട്ടിലെത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് അഞ്ജലി പൊലീസിന് മുന്നിലെത്തിയിരുന്നു. ഇതിനിടെ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് അഞ്ജലിയുടെ വയറ്റിൽ ചവിട്ടിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ചവിട്ടേറ്റ് അഞ്ജലി നിലത്തുവീണതിന് പിന്നാലെ പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ആരോഗ്യനില മോശമായതോടെ അഞ്ജലിയെ ഷിക്കോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ജലി പ്രസവിച്ചെങ്കിലും പിന്നീട് ആരോഗ്യനില ഗുരുതരമായി. തുടർന്ന് ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ജലിയുടെ മരണത്തിന് പിന്നാലെ സംഭവം വലിയ വിവാദമായി. സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംജിലാൽ സുമൻ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. പൊലീസിനെതിരെ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ പൊലീസുകാർക്കെതിരെ അന്വേഷണവിധേയമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. എസ്ഐമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.






