ന്യൂഡൽഹി: യുപിഐ വഴി നടത്തുന്ന ‘പേഴ്സൺ ടു മെർച്ചന്റ്’ (പി2എം) ഇടപാടുകളിൽ ₹2,000ന് മുകളിലുള്ളവയ്ക്ക് ചാർജ് ഈടാക്കിയേക്കുമെന്ന ചർച്ച സജീവമാകുന്നു. ചാർജ് ഉപഭോക്താക്കളിൽനിന്നല്ല, വ്യാപാരികളിൽനിന്നായിരിക്കും ഈടാക്കുക. എത്ര തുക ഈടാക്കുമെന്നോ ഫീസ് എങ്ങനെ കണക്കാക്കുമെന്നോ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് സെപ്റ്റംബർ 14ന് പുറത്തിറക്കിയ വിജ്ഞാപനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ ഉയർന്നത്. 2007ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10എ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
₹2,000 വരെയുള്ള യുപിഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ് വഴിയുള്ള പേയ്മെന്റുകൾക്കും യാതൊരു ചാർജും ഈടാക്കില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ₹2,000ന് മുകളിലുള്ള പി2എം ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) സാധാരണ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നും വ്യാപാരികളിൽനിന്നാണ് ഈടാക്കുകയെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
2019ന്റെ അവസാനം വരെ പി2എം ഇടപാടുകൾക്ക് 0.3 ശതമാനം വരെ എംഡിആർ ഈടാക്കിയിരുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും എംഡിആർ ബാധകമായിരുന്നു. എന്നാൽ 2020 ജനുവരി മുതൽ എല്ലാ യുപിഐ ഇടപാടുകളെയും എംഡിആറിൽനിന്ന് ഒഴിവാക്കുകയായിരുന്നു.






