ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പാർട്ടി മാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറി മത്സരിക്കുന്ന ജനപ്രതിനിധികൾക്ക് 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ നിർദേശത്തെ പിന്തുണച്ചാണ് സിജെപി കൂടുതൽ കടുത്ത ആവശ്യം മുന്നോട്ടുവച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറുന്നതും തുടർന്ന് പൊതുപദവികൾ വഹിക്കുന്നതും തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയും കോ-കൺവീനർ സൗരവ് ദാസും പറഞ്ഞു.
സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്നതിനായി ജനപ്രതിനിധികൾക്ക് കോടിക്കണക്കിന് രൂപ നൽകുന്നതും ഇതിന്റെ ഭാഗമായി അവർ പാർട്ടി മാറുന്നതും രാജ്യത്തോടുള്ള വഞ്ചനയാണെന്ന് സൗരവ് ദാസ് ആരോപിച്ചു. ജനവിധിയെ മറികടന്ന് അധികാരം നേടാനുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള കൂറുമാറ്റ നിരോധന നിയമം കാലഹരണപ്പെട്ടതാണെന്നും ഭരണകക്ഷികൾ തങ്ങളുടെ അധികാരമോഹത്തിനായി നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു.
ഇത്തരം രാഷ്ട്രീയ വഞ്ചനകൾ ഇനി ആവർത്തിക്കാൻ അനുവദിക്കരുതെന്നും ഇതിൽ മാറ്റം കൊണ്ടുവരാൻ യുവതലമുറ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






