വിനീത ജോൺ
ഈ വർഷം നയതന്ത്ര രംഗത്തുള്ള പാക്കിസ്ഥാന്റെ ഇടപെടൽ നോക്കിയാൽ ഒന്നു മനസിലാകും, ഒരേ സമയത്ത് രണ്ടു വള്ളത്തിൽ കാലു വെച്ചുള്ള യാത്രയാണെന്ന്. പക്ഷെ കാല് കീറിപ്പോകുമെന്നുള്ളത് പഴഞ്ചൊല്ല്. എന്നാൽ ഏറെക്കുറെ അതേ അവസ്ഥയിലാണ് പാക്കിസ്ഥാനിപ്പോഴുള്ളത് എന്നുതന്നെ പറയാം. ലക്ഷ്യം സാമ്പത്തികമാണെന്ന് ഉറപ്പുണ്ടെങ്കിലും കൈവിട്ട കളിയാണ് നടത്തുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ ആരെ പിണക്കണം, ആരെ ഇണക്കണമെന്ന് അറിയില്ല പാക് പ്രധാനമന്ത്രിക്ക്. അതിനു പ്രധാന കാരണം സൗദി അറേബ്യയുമായും തുർക്കിയുമായും ചേർന്ന് രൂപീകരിച്ച മക്കാ പ്രതിരോധ കരാറാണ്.
പുതിയ സുരക്ഷാ ക്രമീകരണത്തിൽ ആക്രമണം നേരിടുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് മറ്റുള്ളവർ പിന്തുണ നൽകുമെന്നതാണ് അടിസ്ഥാന ധാരണ. എന്നാൽ ഹൂതികൾക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ നേരിട്ട് പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലാത്തത് സൗദിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ രണ്ടു വള്ളത്തിലുള്ള യാത്ര
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിലെ പിന്നാമ്പുറ നയതന്ത്ര ചർച്ചകൾക്ക് പാക്കിസ്ഥാൻ സൗകര്യമൊരുക്കുന്നതിനൊപ്പം, ഇറാന്റെ ഗൾഫ് എതിരാളിയായ സൗദി അറേബ്യയുമായുള്ള പ്രതിരോധ ബന്ധവും ശക്തിപ്പെടുത്തിയായിരുന്നു ഇതിവരെയുള്ള പാക്കിസ്ഥാന്റെ യാത്ര. എന്നാൽ കഴിഞ്ഞയാഴ്ച സൗദി സേനയും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും തമ്മിൽ ഒരേസമയം ഏറ്റുമുട്ടലുണ്ടായതോടെ ഏതുപക്ഷത്തു നിൽക്കണമെന്നറിയാതെ ഇസ്ലാമാബാദ് നട്ടം തിരിയുകയാണ്
ഇതിനിടെ സൗദി അറേബ്യയുമായുള്ള പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ച് പാക്കിസ്ഥാൻ നൽകിയ ഉറപ്പുകൾ യഥാർഥത്തിൽ എത്രത്തോളം ബാധകമാകുമെന്ന ചോദ്യങ്ങൾ ഉയർന്നതോടെ, വാരാന്ത്യത്തിൽ സൗദിയെ ആശ്വസിപ്പിക്കാൻ പാക്കിസ്ഥാൻ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തി രംഗത്തെത്തി. സൗദി അറേബ്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ പാക്കിസ്ഥാൻ സൈനികമായി ഇടപെടണമെന്ന വ്യവസ്ഥ ഉൾപ്പെടുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മക്കാ പ്രതിരോധ കരാർ.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സൗദിക്കെതിരായ യെമൻ ഹൂതി വിമതരുടെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഹൂതികൾക്കെതിരായ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാൻ നേരത്തെ സ്വീകരിച്ചിരുന്ന കടുത്ത നിലപാടിൽ നിന്ന് പിന്നോട്ടുപോയതിന് പിന്നാലെയായിരുന്നു ഷരീഫിന്റെ ഈ ഇടപെടൽ.
സൗദി നേതൃത്വത്തോടും രാജ്യത്തെ ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഷരീഫ്, ഹൂതി ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ വിതരണത്തെയും കൂടുതൽ ബാധിക്കാനിടയുണ്ടെന്നും വ്യക്തമാക്കി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പാക്കിസ്ഥാനുള്ള പരീക്ഷയായി ‘മക്കാ കരാർ’
സൗദി– പാക്കിസ്ഥാൻ–തുർക്കി സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞമാസം ഒപ്പുവച്ച മക്കാ പരസ്പര പ്രതിരോധ കരാറാണ് ഇപ്പോഴത്തെ സംഭവവികാസത്തോടെ പുതിയ പരീക്ഷണത്തിലേക്ക് കടന്നിരിക്കുന്നത്. ‘മക്കാ കരാർ’ എന്നറിയപ്പെടുന്ന ഈ ധാരണപ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇതിന് പുറമെ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ നേരത്തേ തന്നെ പ്രതിരോധ സഹകരണ കരാറുണ്ടായിരുന്നു.
എന്നാൽ ഹൂതികൾക്കെതിരെ സൗദിക്ക് വേണ്ടി പാക്കിസ്ഥാൻ സ്വമേധയാ സൈനിക നടപടി സ്വീകരിക്കണമെന്നില്ലെന്ന തരത്തിൽ ഇസ്ലാമാബാദ് കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയാണ് കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത്. മക്കാ കരാർ നിലവിലുണ്ടെന്നത് മാത്രം ഹൂതികൾക്കെതിരായ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈന്യത്തെ നിർബന്ധമായും രംഗത്തിറക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്.
സൗദിമായുള്ള വിള്ളൽ നികത്താൻ ശ്രമം
പാക്കിസ്ഥാന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ സൗദിയുമായുള്ള ബന്ധത്തിൽ ഉണ്ടായേക്കാവുന്ന വിള്ളൽ നികത്താനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ ഏറ്റവും പുതിയ ഫോൺ സംഭാഷണത്തിൽ ഹൂതികൾ സൗദിയിലെ സാധാരണക്കാരെയും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ ഷരീഫ് ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും പുറമെ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ വിതരണത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൂടാതെ താനും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും മധ്യപൂർവദേശത്തെ സംഘർഷം കുറയ്ക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും ഷരീഫ് വ്യക്തമാക്കി. അതേസമയം, ഷരീഫിന്റെ ഫോൺ സംഭാഷണത്തിന് തൊട്ടുമുമ്പ് സൗദി അറേബ്യയിൽ നിർണായകമായ എണ്ണ ഗതാഗത സംവിധാനത്തിനും ആക്രമണമുണ്ടായി. ഇറാഖിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി താൽക്കാലികമായി 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്–വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചിരുന്നു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി സൗദി എണ്ണ ചെങ്കടൽ വഴി കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന പ്രധാന ബദൽ പാതയാണ് ഈ പൈപ്പ്‌ലൈൻ.
അതുപോലെ അമേരിക്കയും ഇറാനും തമ്മിലുള്ള വിശാലമായ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വലിയ തോതിൽ തടസപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ ഹോർമുസ് ഒഴിവാക്കി ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന ഈ പൈപ്പ്‌ലൈൻ സൗദിയുടെ ഊർജ അടിസ്ഥാന സൗകര്യത്തിൽ തന്ത്രപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്.
ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഒരു പ്രോജക്ടൈൽ പതിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് പരുക്കേറ്റതായും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സൗദി അധികൃതർ അറിയിച്ചു. കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ ഒരു പള്ളിയും ഉൾപ്പെടുന്നു. സൗദി നഗരങ്ങളെയും ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ നടത്തുന്ന വിപുലമായ ആക്രമണ പരമ്പരയുടെ ഭാഗമായാണ് പുതിയ ആക്രമണത്തെയും വിലയിരുത്തുന്നത്.
ഇതാണ് അക്ഷരാർഥത്തിൽ പാക്കിസ്ഥാന്റെ പ്രതിരോധ സഖ്യത്തിന് വലിയ പരീക്ഷണമായി മാറുന്നത്. സൗദി അറേബ്യയുമായും തുർക്കിയുമായും ചേർന്ന് രൂപീകരിച്ച പുതിയ സുരക്ഷാ ക്രമീകരണത്തിൽ ആക്രമണം നേരിടുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് മറ്റുള്ളവർ പിന്തുണ നൽകുമെന്നതാണ് അടിസ്ഥാന ധാരണ. എന്നാൽ ഹൂതികൾക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ നേരിട്ട് പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലാത്തത് സൗദിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
പുതിയ ഭീഷണിയെത്തുക പാക്കിസ്ഥാന് നേരെ?
പാക്കിസ്ഥാന്റെ ആശയക്കുഴപ്പം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഹൂതി ഭീഷണി തങ്ങളെ നേരിട്ട് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പാക്കിസ്ഥാനിലെ ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഈ വർഷത്തിന്റെ തുടക്കത്തിൽ സൗദിയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണങ്ങളേക്കാൾ നേരിട്ടുള്ള സുരക്ഷാ ഭീഷണിയാണ് യെമൻ അതിർത്തിയോട് ചേർന്നുള്ള ഹൂതി ആക്രമണങ്ങളെന്ന് അവർ കരുതുന്നു.
സൗദി– യെമൻ അതിർത്തിക്ക് സമീപം പാക്കിസ്ഥാൻ സൈനികരെ വിന്യസിച്ചിട്ടുള്ളതിനാൽ ഹൂതികളുമായുള്ള സംഘർഷം വ്യാപിച്ചാൽ പാക് സൈനികർ നേരിട്ട് അപകടത്തിലാകാനും സാധ്യതയുണ്ട്. അതേസമയം, ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ കരാറുകൾ പാക്കിസ്ഥാന്റെ സാമ്പത്തിക തന്ത്രത്തിലും നിർണായകമാണ്. വർഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്കിടെ ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇസ്ലാമാബാദ്. ഇത്തരം പ്രതിരോധ കരാറുകൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകളും സാധാരണയായി നടക്കാറുണ്ട്.
ഇറാനേയും കൈവിടാനാകില്ല
ഒരു സൈഡിൽ തലവേദന സൃഷ്ടിച്ച് മേൽ പറഞ്ഞ സംഭവ വികാസങ്ങൾ നടക്കുന്നുണ്ടെങ്കിലും മറുവശത്ത് ഇറാനെ പൂർണമായി അകറ്റിനിർത്താനും പാക്കിസ്ഥാന് കഴിയില്ല. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടൽ വഴിയും എത്തുന്ന എണ്ണ, വാതക വിതരണത്തെ പാക്കിസ്ഥാൻ ആശ്രയിക്കുന്നുണ്ട്. ഈ രണ്ട് പ്രധാന സമുദ്രപാതകളെയും തടസപ്പെടുത്താനുള്ള ശേഷി ഇറാനും ഹൂതികൾക്കും ഇതിനകം പ്രകടിപ്പിക്കാനായിട്ടുണ്ട്.
അതുകൊണ്ടുതന്നെ സൗദിയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇറാനെ പ്രകോപിപ്പിക്കാതിരിക്കുക എന്നത് പാക്കിസ്ഥാന്റെ നയതന്ത്രത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ്. സൗദിക്ക് നൽകിയ പ്രതിരോധ ഉറപ്പുകൾ പാലിക്കേണ്ട സാഹചര്യം വന്നാൽ ഇറാനുമായുള്ള ബന്ധത്തെ അത് ബാധിച്ചേക്കാം. മറുവശത്ത്, സൗദിക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ പാക്കിസ്ഥാൻ പിന്നോട്ടുപോയാൽ ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ–സാമ്പത്തിക ബന്ധങ്ങൾക്കും തിരിച്ചടി നേരിടാം.
അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ വ്യാപിക്കുകയും ഹോർമുസ്, ചെങ്കടൽ തുടങ്ങിയ നിർണായക കടൽപാതകൾ തുടർച്ചയായി സുരക്ഷാ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇറാനുമായും സൗദിയുമായും ഒരേസമയം ബന്ധം നിലനിർത്താനുള്ള പാക്കിസ്ഥാന്റെ നയതന്ത്ര തന്ത്രമാണ് ഇപ്പോൾ ഏറ്റവും വലിയ പരീക്ഷണത്തെ നേരിടുന്നത്. മക്കാ കരാറിലെ പരസ്പര പ്രതിരോധ വാഗ്ദാനം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതും സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളിൽ പാക്കിസ്ഥാൻ എത്രത്തോളം ഇടപെടുമെന്നതുമാണ് ഇനി നിർണായകം.






