കൊൽക്കത്ത: മദ്റസകൾ ഭീകരർക്ക് അഭയം നൽകുന്നുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാൾ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി ദിലീപ് ഘോഷ്. സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 252 മദ്റസകൾ അടച്ചുപൂട്ടാൻ സർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പരാമർശം. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വ്യാപക പരിശോധയുടെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു മദ്റസയും അനുവദിക്കില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
നിയമവിരുദ്ധമായ ഒന്നും സഹിക്കില്ലെന്നും അനുമതി ഇല്ലാത്തിടത്ത് പ്രവർത്തനം തുടരാനാവില്ലെന്നും പ്രവർത്തിക്കണമെങ്കിൽ സർക്കാരിൽ നിന്ന് അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മദ്റസകൾക്കെതിരായ ആശങ്ക പുതിയതല്ലെന്നും കഴിഞ്ഞ 20 വർഷമായി ഇത് നിലനിൽക്കുന്നുണ്ടെന്നും പല നേതാക്കളും ഇക്കാര്യം ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും ഇത്തവണ സർക്കാർ തന്നെ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് എത്തുന്ന ഭീകരർ മദ്റസകളിൽ ഒളിവിൽ കഴിയുന്നുണ്ടെന്നും ബംഗാളിലെ ഭീകരാക്രമണങ്ങളിൽ മദ്റസ അധ്യാപകർക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിന് തെളിവുകളോ മറ്റോ അദ്ദേഹം നൽകിയിട്ടില്ല. അതേസമയം സംസ്ഥാനത്തെ മദ്റസകൾക്കെതിരെ സർക്കാർ നീക്കം ശക്തമാകുന്നത് അവഗണിച്ച് 15,000 കോടിയുടെ മെഗാ പദ്ധതി, 700 കോടിയുടെ ഗംഗോണി പദ്ധതി, 600 കോടിയുടെ അമുൽ പ്ലാന്റ്, റോബോട്ടിക് ഫയർ ഫൈറ്റിംഗ് സംവിധാനം തുടങ്ങിയ വികസന പദ്ധതികളുടെ പുരോഗതി എടുത്തുകാണിക്കുകയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി.






