ശ്രീനഗർ: ഓരോ ഏതാനും മിനിറ്റുകൾക്കൊരിക്കലും ഷഹീന നദിക്കരയിൽ നിന്ന് എഴുന്നേറ്റ് കലങ്ങിയൊഴുകുന്ന വെള്ളത്തിലേക്ക് നോക്കും. ഒരേയൊരു പ്രതീക്ഷയോടെ. തന്റെ പത്ത് വയസുകാരനായ മകൻ മോമിൻ ആഷിഖ് ഒരിക്കൽ കൂടി തന്റെ മുന്നിലെത്തുമെന്ന പ്രതീക്ഷ. എന്നാൽ നാല് ദിവസമായി നദിയിലെ കുത്തൊഴുക്കിന് യാതൊരു മാറ്റവുമില്ല. മകനെക്കുറിച്ചുള്ള വിവരത്തിനായി കാത്തിരിക്കുന്ന അമ്മയുടെ കണ്ണുകളിൽ മാത്രം പ്രതീക്ഷയും വേദനയും മാറിമാറി നിറയുകയാണ്.
വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ നള്ള മദുമതിയുടെ കരയിലാണ് ഷഹീന നാല് ദിവസമായി കഴിയുന്നത്. കുലൂസയിലെ ഗനായ് മൊഹല്ല സ്വദേശിയായ ആഷിഖ് ഹുസൈൻ ഗനായിയുടെ മകനാണ് മോമിൻ. “അവനെ അവസാനമായി ഒരിക്കൽ കാണണം. ഒരിക്കൽ കൂടി അവനെ കെട്ടിപ്പിടിക്കണം,” എന്നാണ് ഷഹീനയുടെ വാക്കുകൾ.
നാല് ദിവസം മുൻപ് പതിവുപോലെയുള്ള ഒരു വൈകുന്നേരമാണ് ദുരന്തമായി മാറിയത്. സുഹൃത്തിനൊപ്പം സൈക്കിളിൽ നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു മോമിൻ. ഇതിനിടെയാണ് വെള്ളത്തിന്റെ അരികിൽ ഒഴുകിക്കിടന്നിരുന്ന ഒരു ക്രിക്കറ്റ് പന്ത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. പന്ത് എടുക്കാൻ ശ്രമിച്ചതോടെ പുഴയിലേക്ക് വീഴുകയായിരുന്നു.
വൈകിട്ട് ആറരയോടെ മോമിൻ വീട്ടിൽനിന്ന് ഇറങ്ങിയതായും സുഹൃത്തിനൊപ്പം നദിക്കരയിലൂടെയുള്ള റോഡിൽ അൽപ്പനേരം നടക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നതായും ഷഹീന പറഞ്ഞു. “അവൻ തിരിച്ചുവരാമെന്ന് പറഞ്ഞാണ് പോയത്. പത്ത് മിനിറ്റ് പോലും കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് എല്ലാവരും ബഹളം വയ്ക്കുന്നത് കേട്ടു. പുറത്തേക്ക് വന്നപ്പോഴാണ് എന്റെ മകൻ നദിയിൽ വീണതായി അറിഞ്ഞത്. അതിനുശേഷം അവനെക്കുറിച്ച് യാതൊരു വിവരവുമില്ല,” ഷഹീന പറഞ്ഞു.
മോമിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിപ്രകാരം, പന്തിന് പിന്നാലെ കുറച്ചുദൂരം പോയ മോമിൻ ഒടുവിൽ കുലൂസ പാലത്തിന് താഴെ നിന്ന് പന്ത് കൈക്കലാക്കി. സന്തോഷത്തോടെ പന്ത് സുഹൃത്തിന്റെ അടുത്തേക്ക് എറിഞ്ഞ ശേഷം നദിക്കരയിലേക്ക് തിരിച്ചുകയറാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതിയത്. നിമിഷങ്ങൾക്കകം അവൻ കുത്തൊഴുക്കിലേക്ക് വീണു.
മോമിന്റെ സുഹൃത്ത് നിലവിളിച്ചു. സമീപത്തുണ്ടായിരുന്ന സുഹൃത്തിന്റെ സഹോദരിയും സംഭവത്തിന് സാക്ഷിയായി. അപകടത്തിന് തൊട്ടുമുമ്പ് “മോനെ, തിരികെ വാ” എന്ന് അവൾ വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ അവൾക്ക് ഓടിയെത്തുന്നതിന് മുമ്പേ മോമിൻ വെള്ളത്തിലേക്ക് വീണിരുന്നു. പ്രദേശവാസികളുടെ മൊഴിപ്രകാരം, അപകടത്തിന് തൊട്ടുമുമ്പ് കിഷൻഗംഗ നദിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതിയിൽ നിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഗുറെസ് താഴ്‌വരയിൽനിന്നുള്ള വെള്ളം ബന്ദിപ്പോരയിലെ ക്രാൽപോറ മേഖലയിലേക്ക് തിരിച്ചുവിടുന്ന പദ്ധതിയാണിത്. ഇതോടെ നള്ള മദുമതിയിലെ നീരൊഴുക്കിന് ശക്തി വർധിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
ശക്തമായ ഒഴുക്കിന് നേരത്തെ തന്നെ പേരുകേട്ടിരുന്ന നദി വെള്ളം തുറന്നുവിട്ടതോടെ കൂടുതൽ അപകടകരമായി മാറി. മോമിനെ ശക്തമായ കുത്തൊഴുക്ക് പിടിച്ചെടുത്ത് ആരും പ്രതികരിക്കാൻ കഴിയുന്നതിന് മുമ്പേ ദൂരേക്ക് ഒഴുക്കിക്കൊണ്ടുപോയി. ഒരു നിമിഷം അവൻ അവിടെയുണ്ടായിരുന്നു. അടുത്ത നിമിഷം വെള്ളത്തിൽ കാണാതായി.
അതിന് പിന്നാലെ മോമിനായുള്ള തിരച്ചിൽ രാവും പകലും തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയായ എസ്ഡിആർഎഫ്, പോലീസ്, മാർക്കോസ് കമാൻഡോകൾ, പ്രദേശവാസികൾ എന്നിവരടങ്ങുന്ന സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അപകടകരമായ കുത്തൊഴുക്കിനിടയിലും പ്രാദേശിക നീന്തൽ വിദഗ്ധരും രക്ഷാപ്രവർത്തകരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
നദിയിലെ ഓരോ വളവും ചുഴിയും പരിശോധിച്ചും മോമിൻ കുടുങ്ങിയിരിക്കാമെന്ന് സംശയിക്കുന്ന ഓരോ ഭാഗവും നിരീക്ഷിച്ചുമാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. എന്നാൽ ഇതുവരെ മോമിനെ കണ്ടെത്താനായിട്ടില്ല. അഞ്ച് മക്കളിൽ ഷഹീനയുടെയും കുടുംബത്തിന്റെയും ഏക ആൺകുട്ടിയാണ് മോമിൻ. “ഞങ്ങൾക്ക് നാല് പെൺമക്കളുണ്ട്. അവൻ ഞങ്ങളുടെ ഏക മകനായിരുന്നു. അവൻ തിരിച്ചുവന്ന് അവസാനമായി അവന്റെ മുഖമൊന്ന് കാണാനും അവനെ ഒന്ന് കയ്യിലെടുത്ത് താലോലിക്കാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു. ആരോ എന്നിൽനിന്ന് അവനെ തട്ടിയെടുത്തതുപോലെയാണ്,” കണ്ണീരടക്കിക്കൊണ്ട് ഷഹീന പറഞ്ഞു.
രക്ഷാപ്രവർത്തകർ നദിയിലേക്ക് ഇറങ്ങുമ്പോഴെല്ലാം ഷഹീനയുടെ പ്രതീക്ഷയും ഉയരും. മോമിനെ കണ്ടെത്തിയെന്ന അഭ്യൂഹം കേൾക്കുമ്പോൾ വീണ്ടും പ്രതീക്ഷ ജനിക്കും. എന്നാൽ ഓരോ മണിക്കൂറും പിന്നിടുമ്പോഴും ആ പ്രതീക്ഷ നിരാശയായി മാറുന്നു. വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു. പക്ഷേ മോമിൻ തിരിച്ചെത്തിയിട്ടില്ല. ഗ്രാമവാസികൾ പറയുന്നത് ഷഹീന തിരച്ചിൽ നടക്കുന്ന സ്ഥലത്തുനിന്ന് മാറുന്നില്ലെന്നാണ്. ഇരുട്ട് വീണാലും മകനെ വിഴുങ്ങിയ നദിക്കരയിൽ തന്നെയാണ് അവർ തുടരുന്നത്. കണ്ണുകൾ നിരന്തരം വെള്ളത്തിലേക്ക് പതിഞ്ഞിരിക്കും.
കുലൂസയിലെ കുടുംബങ്ങളും നാട്ടുകാരും മോമിനായി പ്രാർഥനയിൽ കഴിയുകയാണ്. എന്നാൽ ഗ്രാമവാസികളുടെ ഓർമകളിൽ മോമിൻ ഇപ്പോൾ ഒരു തിരച്ചിൽ ദൗത്യത്തിന്റെ കേന്ദ്രമായ കുട്ടി മാത്രമല്ല. എല്ലാവരുടെയും ഒത്തുചേരലുകൾക്ക് ഊർജം പകർന്നിരുന്ന മിടുക്കനും സജീവനുമായ ബാലനായിരുന്നു അവൻ. പ്രദേശത്തെ സർക്കാർ മിഡിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു മോമിൻ. പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന അവനെ നാട്ടുകാർ ഏറെ സ്നേഹിച്ചിരുന്നു. “അവൻ വളരെ മിടുക്കനായ വിദ്യാർഥിയായിരുന്നു. എന്ത് കാര്യത്തിലും കഴിവ് തെളിയിച്ചിരുന്നു,” അയൽവാസിയായ ഷൗക്കത്ത് അഹമ്മദ് ഗനായ് പറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രാദേശിക പരിപാടിയിൽ നൃത്തപ്രകടനം നടത്തിയതിന് മോമിനെ ആദരിക്കുകയും ചെയ്തിരുന്നു. കുതിരസവാരിയിലും അവന് വലിയ താൽപര്യമുണ്ടായിരുന്നു. “ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രൊഫഷണലിനെപ്പോലെ അവൻ കുതിരപ്പുറത്ത് കയറുമായിരുന്നു. പ്രദേശത്തെ എല്ലാവർക്കും അവനെ അറിയാമായിരുന്നു,” ഷൗക്കത്ത് പറഞ്ഞു.
ഒരു സാധാരണ വൈകുന്നേരത്തിൽ മോമിൻ തേടിപ്പോയ ആ ക്രിക്കറ്റ് പന്താണ് ഇപ്പോൾ ആ കുടുംബത്തിന് താങ്ങാനാകാത്ത വേദനയുടെ പ്രതീകമായി മാറിയിരിക്കുന്നത്. ഒരു നിമിഷംകൊണ്ട് നിലച്ചുപോയ ഒരു ബാല്യത്തിന്റെ ഓർമയായി, മോമിനെ തേടിയുള്ള തിരച്ചിലിനൊപ്പം ആ പന്തും ആ കുടുംബത്തിന്റെ മനസ്സിൽ അവശേഷിക്കുകയാണ്.






