ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി വേദിയിൽ ഇന്ത്യയുടെ നേതൃത്വവും സ്വാധീനവും ഉയരുന്നതായി അവകാശപ്പെട്ട് ബിജെപി. ഇതിനിടെ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുന്ന ആനിമേഷൻ വീഡിയോ പങ്കുവെച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കെജ്രിവാൾ, അഖിലേഷ് യാദവ് എന്നിവരെ ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് ബിജെപി പങ്കുവച്ചത്.
‘ബ്രിക്സിൽ ഇന്ത്യയുടെ കരുത്തും നേതൃത്വവും ലോകം ഉറ്റുനോക്കുമ്പോൾ, രോഷാകുലരായ ചില അമ്മാവന്മാർ ഉള്ളിൽനിന്നും എന്തെങ്കിലും വീണുകിട്ടുമോ എന്നാണ് നോക്കുന്നത്. ഇന്ത്യയുടെ സ്വാധീനം വർധിക്കുകയാണ്, അതോടൊപ്പം പുറത്തുള്ള അമ്മാവന്മാരുടെ അമർഷവും’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.
ബ്രിക്സിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതും ബിജെപി നേട്ടമായി ഉയർത്തിക്കാട്ടി. ഗ്ലോബൽ സൗത്തിന്റെ ശബ്ദമാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നവീൻ അവകാശപ്പെട്ടു. വികസ്വര രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ സമവായം ഉണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത് വിജയമാണെന്നും ബിജെപി അവകാശപ്പെട്ടു.
അതേസമയം, ജവഹർലാൽ നെഹ്റുവിന്റെ കാലഘട്ടം ഓർമിപ്പിച്ചാണ് കോൺഗ്രസ് ബിജെപിക്ക് മറുപടി നൽകിയത്. ചൈനയുമായുള്ള കേന്ദ്ര സർക്കാരിന്റെ ചർച്ചകളെയും കോൺഗ്രസ് വിമർശിച്ചു. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനീസ് കൈയേറ്റങ്ങളോട് കേന്ദ്രം മൃദുസമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ ചൈന പിന്തുണച്ചപ്പോഴും നിലപാട് മയപ്പെടുത്തിയത് എന്തിനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് ചോദിച്ചു.
ഇന്ത്യ-ചൈന ചർച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.
2020 ജൂൺ 19ന് ചൈനയ്ക്ക് നൽകിയ ‘കുപ്രസിദ്ധമായ ക്ലീൻ ചിറ്റ്’ ഇന്ത്യയെ ദുർബലപ്പെടുത്തിയില്ലേയെന്നും കോൺഗ്രസ് ചോദിച്ചു. ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
2020 ജൂൺ 19ന് ആരും ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്നും ആരും കൈയേറിയിട്ടില്ലെന്നും പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഇതുവരെ തിരുത്തിയിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പിന്നീട് നടന്ന ഇന്ത്യ-ചൈന ചർച്ചകളിൽ ഈ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെ ദുർബലപ്പെടുത്തിയില്ലേയെന്നും കോൺഗ്രസ് ചോദിച്ചു.






