‘ആശ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോട് ഉർവശി മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ‘ആശ’യിൽ അഭിനയിച്ച മറ്റു താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഉർവശിക്കൊപ്പം വേദിയിലുണ്ടായിരുന്നു. കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്രയും വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറുക്കുന്നത് ? എന്നായിരുന്നു ഉർവശിയുടെ ചോദ്യം. എന്നാൽ ഇപ്പോൾ ഉർവശിക്കെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകൾ.
‘ലെജൻഡ് ആണെന്നത് എന്തും പറയാമെന്നതിനുള്ള ലൈസൻസ് അല്ലെന്ന് ഉർവശി മനസിലാക്കണമെന്നാണ് അവർ പറയുന്നത്. ലെജൻഡ് എന്നത് എന്തും പറയാമെന്നതിനുള്ള ലൈസൻസ് അല്ല. ഉർവശി ഒരു ലെജൻഡാണ് എന്ന പരിഗണന ഉള്ളതുകൊണ്ടാണ് ആ അവതാരകയായ കുട്ടി ആ സിറ്റുവേഷനെ അത്തരത്തിൽ കൈകാര്യം ചെയ്തത്. ഇത് ഒരു സാധാരണക്കാരനാണ് പറഞ്ഞിരുന്നതെങ്കിൽ ഇതിനെ സമൂഹം ട്രീറ്റ് ചെയ്യുന്ന രീതി വേറെയായിരിക്കും. ആ കുട്ടി ആദ്യ പകുതിയിൽ വളരെ മര്യാദയ്ക്ക് മലയാളത്തിൽ തന്നെയാണ് സംസാരിച്ചത്. രണ്ടാം പകുതിയിലാണ് ഇംഗ്ലീഷ് സംസാരിച്ചത്. ആങ്കറിങ് ചെയ്യുമ്പോൾ അവർ അവരുടേതായ രീതിയിൽ സംസാരിക്കും. അന്ന് ആ ഫങ്ഷന് വന്നവരിൽ ഇംഗ്ലീഷ് മനസിലാക്കാൻ പറ്റാത്ത ആരും തന്നെയില്ല.
നിങ്ങൾക്ക് അത് മനസിലായില്ലെങ്കിൽ അത് ഉൾക്കൊള്ളുക. പക്ഷെ നിങ്ങൾക്ക് വലുതാകാൻ വേണ്ടി ഒരാളെ ചെറുതാക്കി കാണിക്കുന്നത് ഏറ്റവും മോശം പ്രവൃത്തിയാണ് എന്നാണ് ഒരാൾ പ്രതികരിച്ച് പറഞ്ഞത്. ആ കുട്ടി ഇംഗ്ലീഷും മലയാളവും കലർത്തി നല്ല വൃത്തിക്ക് ആങ്കറിങ് ചെയ്തുകൊണ്ടിരുന്ന ഒരു വേദിയിൽ വെച്ച് ഇങ്ങനെ ചോദിക്കുന്നത് ഒരു തരത്തിൽ ഇൻസൾട്ടിങ് തന്നെയല്ലേ?. ആ കുട്ടിയുടെ കോൺഫിഡൻസ് തകർക്കുന്ന പരിപാടിയല്ലേ?. സ്കോട്ടിഷ് ഇംഗ്ലീഷ് ഒന്നുമല്ലല്ലോ സംസാരിച്ചത്. സ്റ്റാഡേർഡ് ആയിട്ട് തന്നെയാണ് ഇംഗ്ലീഷും മലയാളവും സംസാരിച്ചത്. കേൾക്കാനും വൃത്തിയുണ്ട്. പബ്ലിക് ആയിട്ട് ആ കൊച്ചിന്റെ സ്റ്റൈൽ ഓഫ് പ്രസന്റേഷനെ ക്രിട്ടിസൈസ് ചെയ്തത് അത്ര ശരിയായിട്ടുള്ള നടപടിയായി തോന്നുന്നില്ല ഉർവശിയുടെ ഭാഗത്ത് നിന്ന്, ഉർവശി പറഞ്ഞത് ഇൻസൾട്ടാണ്.






