ജക്കാർത്ത: 241 പേരുമായി യാത്ര തിരിച്ച ഇൻഡൊനേഷ്യൻ യാത്രാക്കപ്പലുമായുള്ള ബന്ധം നടുക്കടലിൽവച്ച് നഷ്ടമായി. കിഴക്കൻ ജാവയിലെ സുരബായയിൽനിന്ന് ദക്ഷിണ കലിമന്തൻ പ്രവിശ്യയിലെ ബൻജർമാസിനിലേക്ക് പോയ വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന കപ്പലാണ് ജാവാ കടലിൽ അപ്രത്യക്ഷമായത്. സംഭവത്തെ തുടർന്ന് ഇൻഡൊനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു.
ഇൻഡൊനേഷ്യൻ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനവും തിരച്ചിലും നടക്കുന്നത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.13നാണ് കപ്പൽ സുരബായ തുറമുഖത്തുനിന്ന് യാത്ര തിരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
കപ്പലിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തിയ പ്രദേശം കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയാണ് കപ്പലിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തിയിരുന്നത്.
യാത്രയ്ക്കിടെ കപ്പൽ മോശം കാലാവസ്ഥ നേരിട്ടതായി ഓപ്പറേറ്റർ അധികൃതരെ അറിയിച്ചിരുന്നതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
മാനിഫെസ്റ്റ് പ്രകാരം യാത്രക്കാരും ജീവനക്കാരും ജീവനക്കാരും ഉൾപ്പെടെ 241 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിനായുള്ള തിരച്ചിൽ തുടരുകയാണ്.






