ന്യൂഡൽഹി: മുൻ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA) പുറത്തുവിട്ട രഹസ്യാന്വേഷണ രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ബിൻ ലാദനുമായി ബന്ധപ്പെട്ട 70ലേറെ പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകൾ ഉൾപ്പെടുന്ന നൂറിലേറെ പേജുകളുടെ രേഖകളാണ് CIA പുറത്തുവിട്ടത്.
1998 ഓഗസ്റ്റ് 28ന് തയ്യാറാക്കിയ പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫിലാണ് ബിൻ ലാദൻ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ആലോചിച്ചിരുന്നതായി വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട എന്നീ രാജ്യങ്ങളും രേഖയിൽ പരാമർശിക്കുന്നുണ്ട്. നൈജീരിയയിലും ആക്രമണം നടത്താൻ സാധ്യതയുണ്ടായിരുന്നുവെന്നും രേഖയിലെ വിലയിരുത്തൽ.
‘Bin Ladin Terrorist Network Still a Threat’ എന്ന തലക്കെട്ടിലുള്ള രേഖയിലെ വിവരങ്ങളുടെ ഉറവിടം CIA മറച്ചുവച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ ഏത് പ്രത്യേക സ്ഥലത്തെയോ, സ്ഥാപനത്തെയോ ലക്ഷ്യമിട്ടായിരുന്നു ബിൻ ലാദന്റെ നീക്കമെന്ന് രേഖയിൽ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് നിശ്ചയിച്ച തീയതിയോ കൃത്യമായ പ്രവർത്തനപദ്ധതിയോ സംബന്ധിച്ച വിവരങ്ങളും രേഖയിൽ ലഭ്യമല്ല. അതിനാൽ ഇന്ത്യക്കെതിരെ കൃത്യമായൊരു ആക്രമണപദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് രേഖ മാത്രം അടിസ്ഥാനമാക്കി പറയാനാകില്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ആക്രമണത്തിനുള്ള സാധ്യതയുള്ള ലക്ഷ്യങ്ങളായി ബിൻ ലാദന്റെ ശൃംഖല പരിഗണിച്ചിരുന്നുവെന്നാണ് രേഖ വ്യക്തമാക്കുന്നത്.
വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ബിൻ ലാദന് ശക്തമായ ഭീകരവാദ ശൃംഖല ഉണ്ടായിരുന്നതായും അതിനാൽ ഈ മേഖലകളിലെ അമേരിക്കൻ താൽപര്യങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകൾക്ക് വിശ്വാസ്യതയുണ്ടെന്നും CIA വിലയിരുത്തിയിരുന്നു. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന അൽഖ്വയ്ദയുടെ ശൃംഖല ഭീകരാക്രമണങ്ങൾ നടത്താനുള്ള ശേഷി വർധിപ്പിക്കുന്ന ഘടകമായാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടത്.
അഫ്ഗാനിസ്ഥാനിൽ താവളമാക്കിയിരുന്ന ബിൻ ലാദനും മറ്റ് ഭീകര നേതാക്കളും അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നുവെന്നും അവരുടെ ആശയവിനിമയ ശൃംഖല അപ്പോഴും പ്രവർത്തനക്ഷമമായിരുന്നുവെന്നും 1998ലെ രേഖ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ആക്രമണങ്ങൾക്ക് ശേഷവും അൽഖ്വയ്ദയുടെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരുന്നില്ലെന്നാണ് രേഖയിൽനിന്ന് വ്യക്തമാകുന്നത്. ചില പരിശീലന ക്യാംപുകളിൽ ഭീകരർ വീണ്ടും പരിശീലനം ആരംഭിച്ചതായും മറ്റ് ചില ക്യാംപുകൾ മാറ്റിപ്പാർപ്പിക്കുകയായിരുന്നുവെന്നും CIA കണ്ടെത്തിയിരുന്നു.
അമേരിക്കയ്ക്കെതിരെയും ബ്രിട്ടനെതിരെയും കൂടുതൽ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും രേഖയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ അൽഖ്വയ്ദ ക്യാംപുകൾക്കെതിരെ അമേരിക്ക മിസൈൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പും കൂടുതൽ ആക്രമണങ്ങൾക്കുള്ള സാധ്യത നിലനിന്നിരുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അൽഖ്വയ്ദയ്ക്ക് ഉണ്ടായിരുന്ന ബന്ധങ്ങൾ സംബന്ധിച്ചും രേഖയിൽ ഗൗരവമായ മുന്നറിയിപ്പുണ്ട്. കുറഞ്ഞത് 60 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന വ്യക്തികളുടെയും അൽഖ്വയ്ദയുമായി സഖ്യമുള്ള സംഘടനകളുടെയും ശൃംഖലയെ ബിൻ ലാദന് ആക്രമണങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമായിരുന്നുവെന്നാണ് CIA വിലയിരുത്തിയത്. ഇതോടെ അൽഖ്വയ്ദയുടെ ഭീഷണി അഫ്ഗാനിസ്ഥാനിലോ മധ്യപൂർവദേശത്തോ മാത്രം ഒതുങ്ങുന്നതല്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാവുന്നതാണെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി അന്നുതന്നെ വിലയിരുത്തിയിരുന്നു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ 9/11 ആക്രമണത്തിന് മുമ്പും അതിന് പിന്നാലെയുമുള്ള കാലഘട്ടത്തിലെ ഏറ്റവും സെൻസിറ്റീവായ രഹസ്യാന്വേഷണ രേഖകളിലൊന്നായ പ്രസിഡൻഷ്യൽ ഡെയിലി ബ്രീഫുകളെക്കുറിച്ച് ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള സുതാര്യതയാണ് ഇപ്പോഴത്തെ രേഖാ പുറത്തുവിടലിലൂടെ ഉണ്ടാകുന്നതെന്ന് CIA വ്യക്തമാക്കി.
2001 സെപ്റ്റംബർ 11നാണ് ലോകത്തെ ഞെട്ടിച്ച 9/11 ഭീകരാക്രമണം നടന്നത്. അൽഖ്വയ്ദയിലെ 19 ഭീകരർ നാല് യാത്രാവിമാനങ്ങൾ തട്ടിയെടുത്തായിരുന്നു ആക്രമണം നടത്തിയത്. ഇതിൽ രണ്ട് വിമാനങ്ങൾ ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചുകയറി. വൻ തീപിടിത്തത്തിനും നാശനഷ്ടങ്ങൾക്കും പിന്നാലെ രണ്ട് കെട്ടിടങ്ങളും പൂർണമായും തകർന്നുവീണു.
മൂന്നാമത്തെ വിമാനം അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ ഇടിച്ചുകയറി. വൈറ്റ് ഹൗസിനെയോ യുഎസ് കോൺഗ്രസിനെയോ ലക്ഷ്യമിട്ടിരുന്നതായി കരുതപ്പെടുന്ന നാലാമത്തെ വിമാനം യാത്രക്കാർ ഭീകരരെ ചെറുക്കാൻ ശ്രമിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നുവീഴുകയായിരുന്നു. ആക്രമണങ്ങളിൽ ഏകദേശം 3,000 പേരാണ് കൊല്ലപ്പെട്ടത്.






