ന്യൂഡൽഹി: മലേഷ്യയിലെ മുസ്ലിം സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും നീതിയും ഉറപ്പാക്കുന്നുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. പരമ്പരാഗത ധാരയിലുള്ള മതപണ്ഡിതനാണ് സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാരെന്നും അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിപ്പുണ്ടെങ്കിലും സ്ത്രീകൾ വീട്ടിൽ തന്നെ കഴിയണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അൻവർ ഇബ്രാഹിം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് കോഴിക്കോട്ടെത്തുന്ന മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. മതഗ്രന്ഥം, ഖുർആൻ, പാരമ്പര്യം, പ്രവാചകചര്യ എന്നിവ മനസ്സിലാക്കുന്നതിൽ വലിയ സംഭാവന നൽകിയ പരമ്പരാഗത മതപണ്ഡിതനാണ് കാന്തപുരമെന്നും അദ്ദേഹം മികച്ച അധ്യാപകനാണെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും തങ്ങൾ അംഗീകരിക്കണമെന്നില്ലെന്നും വ്യക്തമാക്കി.
കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള നഴ്സിങ് കോളജ് പോലുള്ള സ്ഥാപനങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അൻവർ ഇബ്രാഹിമിന്റെ പ്രതികരണം. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന സ്ത്രീകൾ പിന്നീട് ആശുപത്രികളിൽ ജോലി ചെയ്യേണ്ടിവരും. മലേഷ്യയിൽ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങളുണ്ടെന്ന് തനിക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലേഷ്യയിലെ സർവകലാശാലകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വിദ്യാർഥികളുണ്ടെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. തന്റെ ഭാര്യ മെഡിക്കൽ ഡോക്ടറാണെന്നും പെൺമക്കൾ ഉൾപ്പെടെയുള്ള തന്റെ എല്ലാ കുട്ടികൾക്കും പഠിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും ആവശ്യമായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പറഞ്ഞിട്ടുണ്ടെന്നും അൻവർ ഇബ്രാഹിം വ്യക്തമാക്കി.
അതേസമയം, മലേഷ്യയിലെ പ്രവാസി സമൂഹത്തിൽ ദക്ഷിണേന്ത്യയ്ക്കുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാലാണ് സന്ദർശനം മാറ്റിവച്ചതെന്നും മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു.
നാളെ വൈകിട്ട് കോഴിക്കോട്ടെത്തുന്ന അൻവർ ഇബ്രാഹിം മർക്കസ് സന്ദർശിച്ച ശേഷം മടവൂർ മഖാമും സന്ദർശിക്കും. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ വെൽനസ് കേന്ദ്രം സന്ദർശിച്ച ശേഷമായിരിക്കും മടക്കം.






