ഇടുക്കി ∙ അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കുട്ടികളുടെ മരണകാരണം തിന്നർ അകത്തുചെന്നതാണെന്ന പിതാവിന്റെ മൊഴിയിൽ സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിന്നറല്ല, കീടനാശിനി അകത്തുചെന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സലിന്റെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയിലെത്തുംമുൻപ് ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു കുട്ടിയുടെ ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കീടനാശിനി നിറച്ച കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി. ഉയരമുള്ള സ്ഥലത്താണ് കുപ്പി സൂക്ഷിച്ചിരുന്നത്. കുപ്പിയിൽനിന്ന് കീടനാശിനി ചോർന്ന് നിലത്ത് വീണതായാണ് കണ്ടെത്തൽ. ഇവിടെ കുട്ടികളുടെ കൈപ്പാടുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
രണ്ടുമാസം മുൻപാണ് കുടുംബം സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. ഇവർ താമസം തുടങ്ങുന്നതിനുമുൻപുതന്നെ കീടനാശിനി വീട്ടിലുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. ചിതലിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് കണ്ടെത്തിയ കീടനാശിനി. എത്ര അളവിൽ ശരീരത്തിൽ പ്രവേശിച്ചാൽ മരണം സംഭവിക്കുമെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ കുട്ടികളുടെ അകത്തുപോയെന്നാണ് പിതാവ് ആദ്യഘട്ടത്തിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രാഥമിക പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. വീട്ടിൽനിന്ന് ലഭിച്ച കീടനാശിനിയിൽനിന്നുതന്നെയാണോ വിഷാംശം കുട്ടികളുടെ ശരീരത്തിൽ എത്തിയതെന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ രാസപരിശോധനകൾ പൂർത്തിയായശേഷമേ വ്യക്തത ലഭിക്കൂ.
ഫൊറൻസിക് സംഘം വീട്ടിലെത്തി വിശദമായ പരിശോധന നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലങ്ങളും ലഭിച്ചശേഷമേ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കൾക്ക് കീടനാശിനിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.






