കൊച്ചി: ചെക്ക് കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി നൽകിയത്. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാണെന്നാണ് ഹർജിക്കാരന്റെ വാദം.
മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. നടപടി നീട്ടിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ ആരോപിച്ചു.
ഹർജി തീർപ്പാക്കുന്നതുവരെ എംഎൽഎ എന്ന നിലയിൽ മാണി സി കാപ്പന് ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ചെക്ക് കേസുമായി ബന്ധപ്പെട്ട് മാണി സി കാപ്പനെതിരെ നാല് കേസുകളിലായി ആകെ മൂന്നര വർഷത്തെ തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ഓരോ കേസിലും പ്രത്യേകം പ്രത്യേകം തടവുശിക്ഷയാണ് കോടതി വിധിച്ചത്.






