ചണ്ഡിഗഢ്: മകൻ മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനത്തിനെതിരെ ശബ്ദമുയർത്തുകയും ഇതിനിടെ ധനമന്ത്രി ഹർപാൽ സിങ് ചീമയുടെ പേര് പരാമർശിക്കുകയും ചെയ്ത തൊഴിലാളി ഗുൽസാർ സിങ്ങിന്റെ ആത്മഹത്യ രാഷ്ട്രീയ വിവാദമായി മാറുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവത്തെച്ചൊല്ലി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള പോര് ശക്തമായി.
സംഗ്രൂർ ജില്ലയിലെ ഗുൽസാർ സിങ്ങിന്റെ ഗ്രാമത്തിലേക്ക് സന്ദർശനത്തിനെത്തിയ ബിജെപി നേതാക്കളുടെ വാഹനവ്യൂഹത്തിന് യാത്ര തുടരാൻ സാധിക്കാതിരുന്നതാണ് പുതിയ സംഘർഷത്തിന് വഴിവെച്ചത്. സംസ്ഥാന ബിജെപി അധ്യക്ഷൻ കേവൽ സിങ് ധില്ലന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിന് പിന്നിൽ എഎപി പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു. എന്നാൽ ബിജെപി നേതാക്കളെ ഗ്രാമവാസികൾ തന്നെയാണ് തിരിച്ചയച്ചതെന്നാണ് എഎപിയുടെ വിശദീകരണം.
തിങ്കളാഴ്ചയാണ് ഗുൽസാർ സിങ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുമ്പ് അദ്ദേഹം റെക്കോർഡ് ചെയ്തതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പിൽ ധനമന്ത്രി ഹർപാൽ സിങ് ചീമയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മകൻ മയക്കുമരുന്നിന് ഇരയായതിനെ തുടർന്ന് സംസ്ഥാനത്തെ ലഹരിമരുന്ന് പ്രശ്നത്തെക്കുറിച്ച് ഗുൽസാർ സിങ് ആശങ്ക ഉയർത്തിയിരുന്നു. അതേസമയം, അദ്ദേഹത്തിന്റെ സംസ്കാരം കുടുംബത്തിന്റെ സമ്മതമില്ലാതെ നിർബന്ധപൂർവം നടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഗുൽസാർ സിങ്ങിന്റെ കുടുംബത്തെ അനുശോചനം അറിയിക്കാനായി സംഗ്രൂരിലെ ദിർബ മണ്ഡലത്തിലെ ടൂർ ബൻജാര ഗ്രാമത്തിലേക്ക് പോകുകയായിരുന്നു കേവൽ സിങ് ധില്ലൻ. മുതിർന്ന പഞ്ചാബ് ബിജെപി നേതാക്കളായ മൻപ്രീത് സിങ് ബാദൽ, സുനിൽ ജാഖർ, അശ്വനി ശർമ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യാത്രയ്ക്കിടെ ഡൽഹിയിലെ തങ്ങളുടെ മേലധികാരികളുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന എഎപി പ്രവർത്തകർ തന്റെ വാഹനം വളഞ്ഞുവെന്നാണ് ധില്ലന്റെ ആരോപണം. സംഭവസ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്റർ മാത്രം അകലെയുണ്ടായിരുന്ന പോലീസ് ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.“ഇത് എനിക്കെതിരായ ആക്രമണമല്ല, ജനാധിപത്യത്തിനെതിരായ ആക്രമണമാണ്, ധില്ലൻ പറഞ്ഞു.
എന്നാൽ ബിജെപി നേതാക്കളുടെ ആരോപണങ്ങൾ എഎപി ശക്തമായി തള്ളി. ഗുൽസാർ സിങ്ങിന്റെ മൃതദേഹത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ കളിക്കാനെത്തിയ ബിജെപി നേതാക്കളെ പഞ്ചാബിലെ ജനങ്ങൾ തിരിച്ചയച്ചുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും എഎപി നേതാവുമായ ബൽബീർ സിങ് പ്രതികരിച്ചു.
“ശവശരീരങ്ങൾക്ക് മേൽ പോലും രാഷ്ട്രീയം കളിക്കുന്ന ബിജെപിയുടെ നീചമായ മനോഭാവമാണിത്,” ബൽബീർ സിങ് ആരോപിച്ചു. ദുഃഖത്തിലായ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയ സാധ്യതകൾ തേടുന്നവർ പഞ്ചാബിലെ ജനങ്ങൾക്ക് എന്തുതരം രാഷ്ട്രീയമാണ് പഠിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പെരുമാറ്റം പഞ്ചാബ് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ സൂചനയായാണ് ഈ പരാമർശം വിലയിരുത്തപ്പെടുന്നത്.
ഗുൽസാർ സിങ്ങിന്റെ കുടുംബത്തിന്റെ വേദനയെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും ഗ്രാമവാസികൾ ബിജെപിയുടെ യഥാർഥ മുഖം കാണിച്ചുകൊടുത്തുവെന്നും മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയയും സാമൂഹികമാധ്യമമായ എക്സിൽ പ്രതികരിച്ചു. പഞ്ചാബിലെ ഒരു പാവപ്പെട്ട ദളിത് കുടുംബത്തിന്റെ വേദനയെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് സിസോദിയയുടെ ആരോപണം.
ഗുൽസാർ സിങ്ങിന്റെ ആത്മഹത്യ, ആത്മഹത്യയ്ക്ക് മുമ്പ് പുറത്തുവന്നതായി പറയപ്പെടുന്ന ഓഡിയോ, കുടുംബം ഉന്നയിച്ച നിർബന്ധിത സംസ്കാര ആരോപണം, ബിജെപി നേതാക്കളുടെ സന്ദർശനത്തിനിടെയുണ്ടായ സംഘർഷം എന്നിവയെല്ലാം ചേർന്ന് സംഭവം പഞ്ചാബിലെ രാഷ്ട്രീയ പോരാട്ടത്തിലെ പുതിയ വിഷയമായി മാറിയിരിക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയും ബിജെപിയും തമ്മിലുള്ള വാക്പോരും ഇതോടെ കൂടുതൽ രൂക്ഷമാകുകയാണ്.






