തിരുവനന്തപുരം: ഇ.ഡിക്കെതിരെ ഗുരുതര ആരോപണവുമായി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്ത്. തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തി ഇ.ഡി മൊഴി വാങ്ങിയെടുത്തെന്നാണ് വാരിസിന്റെ ആരോപിച്ചു. എംഎൽഎ മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചുവെന്ന് കാണിച്ച് വാരിസ് ഇ.ഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.
താൻ റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നുമാണ് കത്തിൽ വാരിസ് പറയുന്നത്. തൻ്റെ പേരിലുള്ള മൊഴി തെറ്റാണെന്നും അതിൽ പറയുന്നു. അതേസമയം ആഗസ്റ്റ് 18ന് മുഹമ്മദ് റിയാസിൻ്റെ സുഹൃത്തും കച്ചവടക്കാരൻ കൂടിയായ മുഹമ്മദ് വാരിസിൻ്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് 22 കാരിയായ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ തന്നെക്കൊണ്ട് ഒപ്പിടിപ്പിച്ചതെന്ന് വാരിസ് പറയുന്നു.
അതേസമയം ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത കള്ളക്കഥയാണെന്നും വിഷയത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പുതിയ അസംബന്ധങ്ങൾ ഉണ്ടെന്നും ഇ.ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വീണ ഇഡിക്ക് മുന്നിൽ കാര്യങ്ങൾ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണ്. പച്ച മനുഷ്യരുടെ ഇറച്ചി തിന്ന് രസിക്കുന്നവർ ആട്ടം തുടരട്ടെയെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.






