അടൂർ: പോലീസിനെതിരെ വിവാദ പ്രസംഗവുമായി അടൂരിലെ സി.പി.എം നേതാവ്. പോലീസിന്റെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ടെന്ന് സി.പി.എം നേതാവും പി.കെ.എസ് (പട്ടികജാതി ക്ഷേമ സമിതി) ട്രഷററുമായ എ.ആർ. അജീഷ് കുമാർ പ്രസംഗിച്ചു.
പോലീസ് മർദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു വിവാദ പരാമർശം.
അകാരണമായ പോലീസ് മർദനം അനുവദിക്കില്ലെന്നും പോലീസ് ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും അജീഷ് കുമാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് പോലീസിനെയും അവരുടെ കുടുംബാംഗങ്ങളെയും പരാമർശിച്ചുള്ള രൂക്ഷമായ പരാമർശം നടത്തിയത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവും പോലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. പോലീസിന് ജനനേന്ദ്രിയത്തോട് എന്താണ് ഇത്ര താൽപര്യമെന്നും അവരുടെ വീട്ടിലുള്ളതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മേയ് 29നാണ് പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ യുവാവിനെ പോലീസ് സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചതായി ആരോപണമുയർന്നത്. മർദനത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു പി.കെ.എസ് മാർച്ച്.






