കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ് – ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ മരണകാരണം ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് പ്രസവത്തിനായി ശ്രുതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശ്രുതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യനില മോശമാണെന്ന് അറിയിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് മരിച്ച വിവരമാണ് പിന്നീട് ബന്ധുക്കളെ അറിയിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് മുൻപ് തങ്ങളിൽ നിന്ന് അനുവാദം വാങ്ങിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. അതേസമയം, ബന്ധുക്കളുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ പൂർണമായും നിഷേധിച്ചു.
കുഞ്ഞിന്റെ പൊക്കിൾക്കൊടി പുറത്തേക്ക് വന്നതിനെ തുടർന്നാണ് അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ചികിത്സാ പിഴവോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രതിഷേധം ശക്തമായതോടെ പുനലൂർ പൊലീസ് സ്ഥലത്തെത്തി. കുട്ടിയുടെ പിതാവ് അനൂപിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.






